Thursday, May 16, 2024
educationkeralaNews

പിന്‍വാതിലടച്ചു; താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കമ്പനികള്‍, കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലും സുപ്രീം കോടതി വിധിക്കു വിരുദ്ധമായി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഉമാദേവി കേസിലെ സുപ്രീം കോടതി വിധിക്കു വിരുദ്ധമായി സ്ഥിരപ്പെടുത്തല്‍ പാടില്ലെന്ന് ചീഫ് സെക്രട്ടറി എല്ലാ സ്ഥാപനങ്ങള്‍ക്കും മൂന്നാഴ്ചയ്ക്കകം നിര്‍ദേശം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു.

ഐഎച്ച്ആര്‍ഡിയില്‍ സ്ഥിരപ്പെടുത്തല്‍ ആവശ്യപ്പെട്ടുള്ള അപ്പീലില്‍ ചീഫ് സെക്രട്ടറിയെ സ്വമേധയാ കക്ഷി ചേര്‍ത്താണു ജസ്റ്റിസ് എ. കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു വിരുദ്ധമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്പനികള്‍, കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങളടക്കം സ്വയം ഭരണ സ്ഥാപനങ്ങള്‍, പ്രത്യേക പദ്ധതികള്‍ക്കായി രൂപീകരിച്ച സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനികള്‍, സര്‍ക്കാര്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പൊതുപ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ എന്നിവയില്‍ താല്‍ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തല്‍ സാധ്യമല്ലെന്നു ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണ് ഉത്തരവ്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഉടന്‍ നിര്‍ദേശം എത്തിക്കണം.ഐഎച്ച്ആര്‍ഡിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നതിനാല്‍ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോട്ടയം തെക്കേക്കര സ്വദേശികളായ ജോയ് ജോസഫ്, ടോം തോമസ് എന്നിവര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ജഡ്ജി ഹര്‍ജി തള്ളിയ സാഹചര്യത്തിലായിരുന്നു അപ്പീല്‍. സമാന സാഹചര്യത്തിലുള്ള മറ്റു ചില ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഒരു തസ്തികയില്‍ കുറേനാള്‍ ജോലി ചെയ്തുവെന്ന പേരില്‍ സ്ഥിരപ്പെടുത്തല്‍ അവകാശപ്പെടാനാവില്ലെന്നും ഒറ്റത്തവണ നടപടിയായേ ക്രമപ്പെടുത്തല്‍ പരിഗണിക്കാവൂ എന്നും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയതു കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധിക്കു വിരുദ്ധമായ നടപടി നിയമപരമല്ല. അത്തരം നിര്‍ദേശം പുറപ്പെടുവിക്കാന്‍ ഏതെങ്കിലും അധികാരിക്കു സാധിക്കില്ല.അതേസമയം, ഐഎച്ച്ആര്‍ഡിയില്‍ മുന്‍പു സ്ഥിരപ്പെടുത്തപ്പെട്ടവര്‍ കക്ഷിയല്ലാത്തതിനാല്‍ ആ വിഷയത്തില്‍ ഇടപെടുന്നില്ല. ഈ കേസിലുള്‍പ്പെട്ട ആര്‍ക്കെങ്കിലും വ്യവസായ, തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം ഉണ്ടെന്നു ക്ലെയിം ഉണ്ടെങ്കില്‍ ഉചിതമായ ഫോറത്തില്‍ ഉന്നയിക്കാമെന്നു കോടതി വ്യക്തമാക്കി.

നടന്ന നിയമനങ്ങള്‍ക്കും ബാധകമാകാം

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നല്‍കിയ നിയമ വ്യാഖ്യാനം സമാന സാഹചര്യത്തിലുള്ള മറ്റു കേസുകള്‍ക്കും ബാധകമാകും.