Saturday, May 4, 2024
GulfNewsObituary

കുവൈത്തിന്റെ പുരോഗതിയില്‍ ചുക്കാന്‍ പിടിച്ച ഭരണാധികാരി അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിന്റെ 16ാമത് അമീര്‍ മരണത്തിന് കീഴങ്ങിയതായി അമീരി ദിവാന്‍ കാര്യ മന്ത്രിയാണ് അറിയിച്ചത്. 86 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അമീര്‍. ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ് വരികയായിരുന്നു. അരനൂറ്റാണ്ടിന്റെ ഭരണപരിചയവുമായി കുവൈത്തിന്റെ പുരോഗതിയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഭരണാധികാരി അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് വിടവാങ്ങിയത്. ഗവര്‍ണറും – ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും,സാമൂഹ്യകാര്യ – തൊഴില്‍ മന്ത്രിയായും, ഉപപ്രധാനമന്ത്രിയും,കിരീടാവകാശിയും, അമീറുമായി ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. അതിര്‍ത്തി സംരക്ഷിക്കുന്നതിന് കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്‌കരിച്ച പ്രതിരോധമന്ത്രിയും സുരക്ഷാ മേഖലയില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ വരുത്തിയ ആഭ്യന്തര മന്ത്രിയുമെന്ന നിലയില്‍ ശൈഖ് നവാഫ് ശ്രദ്ധേയനായിരുന്നു. പത്താമത്തെ അമീര്‍ ആയിരുന്ന ശൈഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പുത്രനായ ശൈഖ് നവാഫ്, 1937 ജൂണ്‍ 25നാണ് ജനിച്ചത്. 1961ല്‍ ഹവല്ലി ഗവര്‍ണറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1978വരെ ആ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 1978ല്‍ ആഭ്യന്തരമന്ത്രിയും 1988ല്‍ പ്രതിരോധ മന്ത്രിയുമായി. വിമോചനാനന്തര കുവൈത്തില്‍ സാമൂഹിക-തൊഴില്‍ മന്ത്രിയുമായി. 2020 സെപ്തംബര്‍ 29-നാണ് കുവൈത്തിന്റെ അമീറായി അധികാരമേറ്റത്. 2006 ഫെബ്രുവരി 20 മുതല്‍ കിരീടാവകാശിയായിരുന്നു.