Monday, April 29, 2024
keralaLocal NewsNews

കുടിവെള്ള പൈപ്പുകൾ റോഡിൽ തന്നെ ;ഒഴക്കനാട് കോളനിയിൽ  കുടിവെള്ള ക്ഷാമം രൂക്ഷം.

എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡായ

ഒഴക്കനാട്  കോളനിയിലെ നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കി കുടിവെള്ളക്ഷാമം രൂക്ഷം.കുടിവെള്ളം പണം മുടക്കി വാങ്ങേണ്ട ഗതികേടിൽ നാട്ടുകാർ.കുടിവെള്ള വിതരണത്തിനായി കൊണ്ടുവന്ന നൂറോളം വലിയ  പൈപ്പുകൾ റോഡരികിൽ  വർഷങ്ങളായി കൂട്ടിയിട്ടിരിക്കുകയാണ് .എരുമേലി മുതൽ കോളനി വരെ പൈപ്പ് സ്ഥാപിക്കുന്നതിനായാണ് വലിയ പൈപ്പുകൾ വിവിധ സ്ഥലങ്ങളിൽ ഇറക്കിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പൈപ്പ് സ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ല.പഞ്ചായത്തിന്റെ  മറ്റു പല വാർഡുകളിലും കുടിവെള്ളവിതരണം ആരംഭിച്ചുവെങ്കിലും അഞ്ചാം വാർഡിൽ മാത്രം കുടിവെള്ള വിതരണത്തിന് പൈപ്പുകൾ പോലും സ്ഥാപിക്കാത്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ചില സ്ഥലങ്ങളിൽ  ചെറിയ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.എന്നാൽ പ്രധാന പൈപ്പ് സ്ഥാപിക്കാത്തതിനാൽ കണക്ഷൻ കൊടുക്കാൻ കഴിയില്ല.കോളനിയിലെ നിരവധി പേരാണ്  കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്.

 

കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടി വൻ തോതിൽ കൂടി വെള്ളം പാഴായി ഒഴുകുമ്പോഴും  കോളനി പ്രദേശങ്ങളിൽ പൈപ്പുകൾ  സ്ഥാപിക്കാതെ  അധികൃതർ കടുത്ത അവഗണനയാണ് കാട്ടുന്നതെന്നും നാട്ടുകാർ പറഞ്ഞു . സ്കൂളുകൾ കൂടി തുറന്നതോടെ നിരവധി വീടുകളിലെ കുട്ടികൾക്ക് സ്കൂളിൽ പോലും പോകാൻ കഴിയാത്ത സാഹചര്യമാണെന്നും നാട്ടുകാർ പറയുന്നു.ഒഴക്കനാട്  കോളനിയിലേക്കുള്ള കുടിവെള്ള വിതരണത്തിന് അടിയന്തിര നടപടി  സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .