Sunday, April 28, 2024
keralaNews

കുഞ്ഞിന്റെ അമ്മ വിദേശത്ത് :ഹോട്ടലില്‍ മുറിയെടുത്തത് ദമ്പതികളെന്ന് പറഞ്ഞ്

കൊച്ചി :ഒന്നര വയസുകാരിക്ക് മുത്തശ്ശിയുടെ കാമുകന്റെ കൈകൊണ്ടു ദാരുണ അന്ത്യമെന്നു പൊലീസ്. കൊച്ചി കലൂരുള്ള ഹോട്ടലില്‍ മുറിയെടുത്തു താമസിക്കുമ്പോഴാണ് പിഞ്ചു കുഞ്ഞിനെ മുത്തശ്ശിയുടെ കാമുകന്‍ കൊലപ്പെടുത്തിയത് എന്നു പൊലീസ് പറയുന്നു. കുട്ടിയുടെ മുത്തശ്ശിക്കു സംഭവത്തില്‍ പങ്കുണ്ടോ എന്നറിയുന്നതിന് ഇവരെ പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. പ്രതി പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയിയെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തു.

കുഞ്ഞിന്റെ അമ്മയ്ക്കു വിദേശത്താണു ജോലി. കുഞ്ഞിനെ നോക്കാന്‍ മുത്തശ്ശിയെയാണ് ഏല്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മുത്തശ്ശിയും കുഞ്ഞും ഇയാളും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. രാത്രി ഇവര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുഞ്ഞു മരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും അന്വേഷണം നടത്തി വരികയുമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്നു സംശയം ഉയര്‍ന്നതോടെ പൊലീസ് മുത്തശ്ശിയെയും ജോണ്‍ ബിനോയിയേയും ചോദ്യം ചെയ്യുകയായിരുന്നു.കുഞ്ഞിനെ ഇയാള്‍ ബക്കറ്റില്‍ മുക്കി കൊല്ലുകയായിരുന്നു എന്നാണ് വിവരം. കുഞ്ഞിനെ കൊല്ലുക ലക്ഷ്യമിട്ടാണ് ഇരുവരും മുറിയെടുത്തത് എന്നാണ് സംശയിക്കുന്നത്. മുറിയെടുക്കുമ്പോള്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നതായി ഹോട്ടല്‍ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്.