Sunday, May 5, 2024
keralaNews

കുഞ്ഞിനെ ദത്തു നല്‍കുമ്പോള്‍ ശിശുക്ഷേമ സമിതിക്കു ലൈസന്‍സ് ഇല്ലായിരുന്നു

തിരുവനന്തപുരം; ശിശുക്ഷേമ സമിതി തിരുവനന്തപുരം കേന്ദ്രത്തിനു ദത്തു നല്‍കാനുള്ള ലൈസന്‍സ് ഇല്ലെന്നും കൊല്ലം കേന്ദ്രത്തിന്റെ ലൈസന്‍സ് ഹാജരാക്കി കുടുംബക്കോടതിയെ കബളിപ്പിച്ചെന്നുമുള്ള അനുപമ എസ്.ചന്ദ്രന്റെ ആരോപണം ശരിവച്ച് കോടതി രേഖകള്‍. ശിശുക്ഷേമ സമിതി കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ആവശ്യപ്പെട്ട അനുപമയ്ക്കു ലഭിച്ചത് 2021 ജൂണ്‍ 30 വരെ കാലാവധിയുള്ള ദത്തു നല്‍കല്‍ ലൈസന്‍സിന്റെ പകര്‍പ്പ്. 2022 ഡിസംബര്‍ വരെ കാലാവധിയുള്ള ഓര്‍ഫനേജ് റജിസ്‌ട്രേഷന്‍ രേഖയും ലഭിച്ചു. തന്റെ കുഞ്ഞിനെ 2021 ഓഗസ്റ്റ് 5ന് താല്‍ക്കാലികമായി ദത്തു നല്‍കുമ്പോഴും സ്ഥിരമായി ദത്തു നല്‍കാന്‍ കുടുംബക്കോടതിയെ സമീപിക്കുമ്പോഴും ശിശുക്ഷേമ സമിതിക്കു ദത്തു നല്‍കല്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല എന്നതു സ്ഥിരീകരിക്കുന്ന തെളിവുകളാണിതെന്ന് അനുപമ പറഞ്ഞു. വ്യാജരേഖ നല്‍കി കോടതിയെ കബളിപ്പിച്ച ശിശുക്ഷേമ സമിതി ഭരണസമിതി പിരിച്ചുവിടണമെന്ന് അനുപമ ആവശ്യപ്പെട്ടു.