Wednesday, May 15, 2024
keralaNews

ബേബി ഡാമിന് അടിഭാഗത്ത് ചോര്‍ച്ച വര്‍ധിച്ചു

കുമളി; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുന്നതിനിടെ ബേബി ഡാമിന് അടിഭാഗത്ത് ചോര്‍ച്ച വര്‍ധിച്ചു. കഴിഞ്ഞ ദിവസം അണക്കെട്ടില്‍ പരിശോധന നടത്തിയ കേരളത്തിന്റെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുല്ലപ്പെരിയാറിലെ സംഭരണിയില്‍ ജലനിരപ്പ് 115 അടിക്കു മുകളിലെത്തുമ്പോഴാണ് ബേബി ഡാമിന്റെ അടിത്തട്ടില്‍ വെള്ളമെത്തുന്നത്. ബേബി ഡാമിന് ബലക്ഷയമുണ്ടെന്ന് തമിഴ്നാടും അംഗീകരിച്ചിട്ടുണ്ട്. അതിനാലാണ് ഇവിടെ ബലപ്പെടുത്തലിന് അനുവാദത്തിനായി കേരളത്തിനുമേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നത്.ബേബി ഡാമിന്റെ താഴ്ഭാഗത്തു കൂടിയുള്ള ജലമൊഴുക്ക് വ്യക്തമായി കാണാം. മഴ മാറിയതോടെ വെള്ളമൊഴുക്കിന്റെ വ്യാപ്തി വ്യക്തമായി മനസ്സിലാക്കാം. മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് അനുദിനം കുറയുന്നുണ്ടെന്നും തല്‍ക്കാലം ബേബിഡാമിന് ഭീഷണിയില്ലെന്നുമാണ് തമിഴ്നാടിന്റെ വിലയിരുത്തല്‍. എന്നാല്‍, ബേബിഡാം ബലപ്പെടുത്താതിരുന്നാല്‍ അപകടമാണെന്ന ബോധ്യമുള്ളതിനാലാണ് സുപ്രീം കോടതിയില്‍ നിന്ന് ഇതിനുള്ള അനുമതിക്കായി ശ്രമം തുടരുന്നത്.