Friday, May 3, 2024
keralaNews

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച  ആഗ്‌നിമയുടെ സംസ്‌കാരം ഇന്ന് നടക്കും; കുടുംബത്തിന് 5 ലക്ഷം ധനസഹായം

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരി മരിച്ച സംഭവത്തിനു പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍. വന്യമൃഗശല്യം നിരന്തരമുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മരിച്ച മാള പുത്തന്‍ചിറ കഴക്കുംമുറി സ്വദേശിനിയായ ആഗ്‌നിമയുടെ പോസ്റ്റുമോര്‍ട്ടവും സംസ്‌കാരവും ഇന്ന് നടക്കും. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെ അച്ഛന്‍ നിഖില്‍, ബന്ധു ജയന്‍ എന്നിവര്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആഗ്‌നിമയുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം നല്‍കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശൂര്‍ അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ച് വയസ് കാരിക്ക് ദാരുണ അന്ത്യം സംഭവിച്ചത്. കുട്ടിയുടെ തലയ്ക്കാണ് ചവിട്ടേറ്റത്.കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.
മൂന്ന് പേരെയും നാട്ടുകാര്‍ ചേര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശൂപത്രിയില്‍ എത്തിക്കുകയായായിരുന്നു. ആശുപത്രിയില്‍ എത്തുമ്പൊഴക്കും ആഗ്‌നിമിയ മരിച്ചു. മറ്റ് രണ്ടു പേരും അപകടനില തരണം ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ഒറ്റയാന്റ ശല്യം രൂക്ഷമാണ്.