Saturday, May 4, 2024
keralaNews

അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം

തൃശ്ശൂര്‍ :അതിരപ്പിള്ളിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം. കാട്ടാന ആക്രമണത്തിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആരോപിച്ച് അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ഇന്ന് രാവിലെ 8 മുതല്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു.കൂടതെ ചാലക്കുടി അതിരപ്പിള്ളി സംസ്ഥാനപാത ഉപരോധിക്കുന്നു. റോഡിന്റെ പലഭാഗത്തും വഴിതടയല്‍ സമരം തുടരുകയാണ്. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ തടഞ്ഞിട്ടിരിക്കുന്നു. പ്രദേശത്ത് കാട്ടാന ഇറങ്ങുന്നത് തടയാന്‍ ശാശ്വതപരിഹാരം വേണമെന്നാണ് ആവശ്യം.തൃശൂര്‍ അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ച് വയസ് കാരിക്ക് ദാരുണ അന്ത്യം സംഭവിച്ചത്. പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്‌നിമിയയാണ് മരിച്ചത്. അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റു. വൈകിട്ട് ആറരയോടെയാണ് സംഭവം.

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് കണ്ണംകുഴിയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. വീടിന് സമീപത്ത് നിന്ന് അല്‍പം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കില്‍ വരികയായിരുന്ന നിഖിലും ഭാര്യാ പിതാവ് ജയനും ആഗ്‌നിമിയയും ആനയ കണ്ടതോടെ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നു പേരും ചിതറി ഓടി. ഇതിനിടെ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കാണ് ചവിട്ടേറ്റത്.കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛനും മുത്തച്ഛനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാര്‍ ചേര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശൂപത്രിയില്‍ എത്തിക്കുകയായായിരുന്നു. ആശുപത്രിയില്‍ എത്തുമ്പൊഴക്കും ആഗ്‌നിമിയ മരിച്ചു. മറ്റ് രണ്ടു പേരും അപകടനില തരണം ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ഒറ്റയാന്റ ശല്യം രൂക്ഷമാണ്.