Saturday, May 4, 2024
indiaNewspolitics

കരുണാനിധിയുടെ മകന്‍ എംകെ അഴഗിരി ബിജെപി സഖ്യത്തിലേക്ക്?

നിയമസഭാതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന തമിഴ്‌നാട്ടില്‍ നിര്‍ണായകനീക്കങ്ങളുമായി ബിജെപി. രജനീകാന്തിനെ എന്തുവില കൊടുത്തും സഖ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ, ഡിഎംകെയുടെ തലതൊട്ടപ്പന്‍മാരില്‍ ഒരാളായ കലൈഞ്ജര്‍ കരുണാനിധിയുടെ മൂത്ത മകനായ എം കെ അളഗിരിയെ ബിജെപി സഖ്യത്തിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ഡിഎംകെയുടെ അധ്യക്ഷനായ സ്റ്റാലിന്റെ ബദ്ധവൈരിയായ അളഗിരി പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപി സഖ്യത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 21-ന് ചെന്നൈയിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അഴഗിരി കൂടിക്കാഴ്ച നടത്തും.അളഗിരി ബിജെപിയിലെത്തിയാല്‍ അത് ഡിഎംകെയുടെ രാഷ്ട്രീയചരിത്രത്തില്‍ത്തന്നെ നിര്‍ണായകമായ ഒരു വഴിത്തിരിവാകും. തെക്കന്‍ തമിഴ്‌നാട്ടില്‍ ചില ശക്തികേന്ദ്രങ്ങളിലെങ്കിലും ഡിഎംകെയ്ക്ക് അതൊരു വെല്ലുവിളിയുമാകാം.

ഡിഎംകെയിലെ സ്റ്റാലിന്‍ വിരുദ്ധരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് പോകുന്നതെന്നതാണ് ശ്രദ്ധേയം. അളഗിരിയും സ്റ്റാലിനും തമ്മില്‍ കണ്ടാല്‍പ്പോലും മിണ്ടാത്ത തരം വൈരമുണ്ട്. അളഗിരി ബിജെപിയുമായി ചര്‍ച്ച നടത്തുന്നുവെന്ന് സ്റ്റാലിന് അറിയാമായിരുന്നുവെന്നാണ് ഡിഎംകെയില്‍ നിന്ന് വരുന്ന സൂചന. അതിന് വലിയ പ്രാധാന്യം കല്‍പിക്കേണ്ടതില്ലെന്നാണ് സ്റ്റാലിന്റെ തീരുമാനമെങ്കിലും ഇന്ന് ഡിഎംകെ ആസ്ഥാനത്ത് നടന്ന ഉന്നതതലയോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയായിട്ടുണ്ട്.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ അളഗിരി മാത്രമേയുണ്ടാകൂ എന്നാണ് സൂചന. കലൈഞ്ജര്‍ ഡിഎംകെ എന്നോ, കെഡിഎംകെ എന്നോ ആയിരിക്കും അളഗിരിയുടെ പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. അളഗിരിയുടെ മകന്‍ ദയാനിധിയും പാര്‍ട്ടിയുടെ യുവജനസംഘടനയുടെ അധ്യക്ഷന്‍. ഉദയനിധി സ്റ്റാലിന്‍ ഡിഎംകെ യുവജനസംഘടനയുടെ ആധ്യക്ഷം വഹിക്കുന്നത് പോലെത്തന്നെ.

രക്ഷപ്പെടാനുള്ള അളഗിരിയുടെ അവസാന വഴിയാണിത്. സ്റ്റാലിനുമായുള്ള അളഗിരിയുടെ അധികാരത്തര്‍ക്കം കരുണാനിധി ജീവിച്ചിരിക്കെത്തന്നെ രൂക്ഷമായിരുന്നു ഡിഎംകെയില്‍. ഒരു ഘട്ടത്തില്‍ സ്റ്റാലിന്റെയും അളഗിരിയുടെയും അനുയായികള്‍ തെരുവില്‍ തമ്മില്‍ത്തല്ലുകയും സംഘര്‍ഷത്തില്‍ ചിലര്‍ കൊല്ലപ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ വരെയെത്തി. ഒടുവില്‍ സ്റ്റാലിനെ വിശ്വസിച്ച് അധികാരമേല്‍പ്പിക്കാന്‍ കരുണാനിധി തീരുമാനിച്ചതോടെ അളഗിരി ചെന്നൈയില്‍ നിന്ന് മാറി മധുരയിലേക്ക് പോയി.തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയൊരു സാന്നിധ്യമല്ല അളഗിരിയെങ്കിലും, കരുണാനിധിയുടെ രാഷ്ട്രീയപിന്‍ഗാമികളിലൊരാള്‍ ബിജെപിയിലെത്തുകയെന്നത് തന്നെ സുപ്രധാനമായ ഒരു വഴിത്തിരിവാണ് തമിഴക രാഷ്ട്രീയത്തില്‍.
2018ലാണ് ഏറ്റവുമൊടുവില്‍ അളഗിരി പൊതുവേദിയിലെത്തിയത്. 2018 സെപ്റ്റംബറില്‍ ചെന്നൈയില്‍ കരുണാനിധിയുടെ മരണശേഷം നടത്തിയ ഒരു റാലിയില്‍ പ്രത്യക്ഷപ്പെട്ട അളഗിരി പിന്നീട് സജീവരാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. 2014-ലാണ് കരുണാനിധി നേരിട്ട് തന്നെ, പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ അളഗിരിയെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്.