Friday, May 17, 2024
indiaNews

ഭീതി ഉയര്‍ത്തി പുതിയ വൈറസ് ; മൂന്ന് ദിവസത്തിനുള്ളില്‍ 250ലധികം തെരുവ് നായകള്‍ ചത്തു

പശ്ചിമ ബംഗാളിലെ ബന്‍കുരയിലെ ബിഷ്ണുപൂരില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 250ലധികം തെരുവ് നായകളാണ് ചത്തത്. ‘കനൈന്‍ പാര്‍വോ വൈറസ്’ ബാധിച്ചാണ് ഇവിടെ തെരുവ് നായകളും, വളര്‍ത്തു മൃഗങ്ങളും ചത്തൊടുങ്ങുന്നത്. വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ച് ഏഴ് ദിവസത്തിനകം നായകള്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. വിശപ്പില്ലായ്മ, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.കൊവിഡ് മൂലമാണ് പാര്‍വോ വൈറസ് കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായതെന്നാണ് പ്രദേശത്തെ മൃഗ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കൊവിഡിനെ പേടിച്ച് പലരും വളര്‍ത്തു നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ ആശുപത്രിയില്‍ എത്തിയില്ലെന്ന് വെറ്റിനറി ഡോക്ടര്‍ ഡോ.സുഭാഷ് സര്‍ക്കാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി ഇത്തരത്തില്‍ പാര്‍വോ രോഗം ബാധിച്ച നായകളുടെ എണ്ണം വര്‍ദ്ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാര്‍വോ രോഗം ബാധിച്ച നായ്ക്കള്‍ വിസര്‍ജ്യത്തിലൂടെ വൈറസുകളെ പുറന്തള്ളും. ഇങ്ങനെ പുറത്തു വരുന്ന വൈറസുകള്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ദിവസങ്ങളോളം പരിസരങ്ങളില്‍ നില നില്‍ക്കുന്നു. രോഗബാധയേറ്റ നായകളുമായും , അവയുടെ വിസര്‍ജ്യം കലര്‍ന്ന് രോഗാണുക്കളാല്‍ മലിനമായ പരിസരങ്ങളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെയും ആണ് മറ്റ് നായകള്‍ക്ക് രോഗം പകരുന്നത്. അതേസമയം, നായകളില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരില്ലെന്നാണ് റിപ്പോര്‍ട്ട്.