Thursday, May 2, 2024
keralaNews

കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കേരള വാട്ടര്‍ അതോറിറ്റി നോര്‍ത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയറെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്

കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന്‍ പിടിയില്‍. കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കേരള വാട്ടര്‍ അതോറിറ്റി നോര്‍ത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയറെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വാട്ടര്‍ അതോറിറ്റി പബ്ലിക് ഹെല്‍ത്ത് നോര്‍ത്ത് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോണ്‍ കോശിയാണു വെള്ളയമ്പലത്തുള്ള പിഎച്ച് ഡിവിഷന്‍ ഓഫീസില്‍ വെച്ച് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. അമൃത് പദ്ധതി പ്രകാരം ശ്രീകാര്യത്തെ ചെക്കാലമുക്ക് മുതല്‍ സൊസൈറ്റിമുക്ക് വരെയുള്ള പൈപ്പുകള്‍ മാറ്റുന്ന ജോലികള്‍ പൂര്‍ത്തീകരിച്ചശേഷം കരാറുകാരനായ മനോഹരന്‍ പ്രതിയുടെ ഓഫീസില്‍ കൊടുത്ത ബില്‍ മൂന്ന് മാസമായിട്ടും പാസാക്കിയില്ല. തുടര്‍ന്ന് കരാറുകാരന്‍ പ്രതിയെ നിരവധി തവണ നേരിട്ട് കണ്ട് ബില്‍ പാസാക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബില്‍ പാസാക്കുന്നതിന് പ്രതി 10,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ച കരാറുകാരന് 15 ദിവസത്തിനുള്ളില്‍ ബില്‍ തുക മാറിക്കൊടുക്കുവാന്‍ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പ്രകാരം 40 ലക്ഷം രൂപയുടെ ചെക്ക് മാറിക്കൊടുത്തു.
എന്നാല്‍ മുഴുവന്‍ തുകയും മാറിക്കിട്ടാത്തതിനാല്‍ കരാറുകാരന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറെ സമീപിച്ചു. 45,000 രൂപ കൂടി ജോണ്‍ കോശി കൈക്കൂലി ആവശ്യപ്പെടുകയും മുഴുവന്‍ തുകയും മാറിയ ശേഷം കാണാമെന്ന് കരാറുകാരന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ബില്‍ തുക മാറി നല്‍കുകയായിരുന്നു. എന്നാല്‍ പിന്നീട് കൈക്കൂലി നല്‍കാന്‍ കരാറുകാന്‍ വിസമ്മതിക്കുകയായിരുന്നു.തുടര്‍ന്ന് കരാറുകാനായ മനോഹരന്‍ വിജിലന്‍സ് ആസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗം പോലീസ് സൂപ്രണ്ടായ കെ.ഇ ബൈജുവിനെ അറിയിച്ചു. വിജിലന്‍സ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് ഡിവൈഎസ്പി അശോക് കൂമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതി കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു.