Friday, May 10, 2024
keralaNews

കനത്ത മഴ: കോഴിക്കോട് രണ്ടു മരണം.

കനത്ത മഴയില്‍ കോഴിക്കോട് രണ്ടു മരണം. ചെറുവണ്ണൂര്‍ കൊളത്തറ അറക്കല്‍ പാടത്ത് വിദ്യാര്‍ഥി കുളത്തില്‍ വീണുമരിച്ചു. അമ്മോത്ത് വീട്ടില്‍ മുസാഫിറിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദ് (12) ആണു മരിച്ചത്. മദ്രസ വിട്ട് സൈക്കിളില്‍ പോകുമ്പോള്‍ വലിയപറമ്പ് കുളത്തില്‍ തെന്നിവീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍.

ആലിശ്ശേരിയില്‍ പായല്‍നിറഞ്ഞ അമ്പലക്കുളത്തില്‍ വീണ് യുവാവ് മരിച്ചു. എടച്ചേരി ആലിശ്ശേരി മാമ്പയില്‍ അഭിലാഷ് (40) ആണ് മരിച്ചത്. പായലും ചെളിയും നിറഞ്ഞ കുളത്തില്‍ അഭിലാഷിനെ കാണാതാവുകയായിരുന്നു. എടച്ചേരി പൊലീസ് സ്റ്റേഷനില്‍നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്ന് നാദാപുരം അഗ്‌നിരക്ഷ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍മാരായ സുജേഷ് കുമാര്‍, ഷമേജ് കുമാര്‍, ടി.വിനോദന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാദാപുരം പേരാമ്പ്ര സ്‌ക്യൂബ ടീം നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്‌ക്യൂബ ടീമംഗങ്ങളായ കെ.ബി.സുകേഷ്, പി.ആര്‍.സത്യനാഥ് എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.