Friday, May 3, 2024
keralaNews

ഓട്ടോറിക്ഷയും ബൈക്കുകളും തെരെഞ്ഞെടുപ്പില്‍ പരസ്പരം പന്തയം വച്ചു, പന്തയം നേടിയ കൂട്ടുകാര്‍ അത് തിരികെ നല്‍കി.

തെരെഞ്ഞെടുപ്പ്, പ്രത്യേകിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളതു കൂടിയാകുമ്പോള്‍ താഴേത്തട്ടിലുള്ള അണികള്‍ക്ക് അതുമൊരുതരം ലഹരിയായിരിക്കും. തങ്ങളുടെ സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് പറഞ്ഞ് പന്തയം വയ്ക്കുന്നതും മറ്റും അതുകൊണ്ടുതന്നെയാണ്. ഇങ്ങനെ ഇരു രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള സുഹൃത്തുക്കള്‍ തമ്മില്‍ ഓട്ടോറിക്ഷയും ബൈക്കുകളും പരസ്പരം പന്തയം വച്ചതും പന്തയം നേടിയ കൂട്ടുകാര്‍ അത് തിരികെ നല്‍കി സൌഹൃദമാണ് പന്തയത്തിലും വലുതെന്ന് തെളിയിച്ചതുമായ ഒരു വാര്‍ത്തയാണ് മലപ്പുറം കാളികാവില്‍ നിന്നും വരുന്നത്.കാളികാവ് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കറുത്തേനിയിലെ യുഡിഎഫ്- എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് പന്തയത്തിനു മുകളിലാണ് സൗഹൃദമെന്ന് തെളിയച്ചത്. ഒന്നാം വാര്‍ഡ് ഇത്തവണ ജയിക്കുമെന്ന് ഇരുകൂട്ടരും ആദ്യം തന്നെ ഉറപ്പിച്ചിരുന്നു. മുസ്ലിം ലീഗിന്റെ അടിയുറച്ച വാര്‍ഡായ കറുത്തേനി കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് പിടിച്ചെടുത്ത്. അതുകൊണ്ടുതന്നെ വാശിയേറിയതായിരുന്നു പോരാട്ടം.

പ്രചരണം കടുത്തപ്പോള്‍ എന്തുവേണമെങ്കിലും പന്തയംവെക്കാന്‍ ഇരുഭാഗത്തെയും പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും കൂടി. അങ്ങനെ എന്തായാലും വിജയക്കും എന്നുറപ്പിച്ച യു.ഡി.എഫ്. പ്രവര്‍ത്തകനും ഓട്ടോഡ്രാവറുമായ ശഹര്‍ഷാന്‍ തന്റെ ജീവിതോപാധിയായ ഓട്ടോറിക്ഷ തന്നെ പന്തയം വച്ചു. സിപിഎം പ്രവര്‍ത്തകനായ ജസീമിനോടായിരുന്നു ഈ ഓട്ടോ പന്തയം. മറ്റു രണ്ടു യുഡിഎഫ് പ്രവര്‍ത്തകരായ അസ്‌കറും അക്ബറുമാകട്ടെ തങ്ങളുടെ പ്രിയപ്പെട്ട ബൈക്കുകളാണ് പന്തയത്തിനിറക്കിയത്. മറുപക്ഷക്കാരായ മൊയ്തീന്‍ കുട്ടിയോടും സുഹൈലിനോടുമായിരുന്നു ഈ ബെറ്റ്.ഒടുവില്‍ ഫലം വന്നപ്പോള്‍ സിപിഎം സീറ്റ് നിലനിര്‍ത്തി. ഷനിലയാണ് എല്‍ഡിഎഫിന് വേണ്ടി ഒന്നാം വാര്‍ഡായ കറുത്തേനി നിലനിര്‍ത്തിയത്. അന്നു രാത്രിതന്നെ ശഹര്‍ഷാന്‍ പന്തയംവെച്ച തന്റെ ഓട്ടോറിക്ഷ ജസീമിനു കൈമാറി. ഒപ്പം അസ്‌കറും അക്ബറും ബൈക്കുകള്‍ മൊയ്തീന്‍ കുട്ടിക്കും സുഹൈലിനും നല്‍കി. പക്ഷേ,  സൗഹൃദത്തിനുത്തിനു മുന്നില്‍ പന്തയം തോറ്റു. നിമിഷങ്ങള്‍ക്കകം ജീവനോപാധികളായ വാഹനങ്ങള്‍ സുഹൃത്തുക്കള്‍ക്ക് തിരികെ നല്‍കിയ സിപിഎം പ്രവര്‍ത്തകര്‍ സൗഹൃദം വീണ്ടും അരക്കിട്ടുറപ്പിച്ചു.അതേസമയം പരാജയപ്പെട്ടാല്‍ പാലിയേറ്റീവ് ക്ലിനിക്കിന് 10,000 രൂപ നല്‍കാമെന്നും സുഹൃത്തിന്റെ മകളുടെ കല്ല്യാണത്തിന് 10000 രൂപ നല്‍കാമെന്നു പറഞ്ഞു പന്തയം വച്ച യുഡിഎഫ് പ്രവര്‍ത്തകരെ സിപിഎം പ്രവകര്‍ത്തകര്‍ വെറുതെ വിട്ടുമില്ല. പണം കയ്യോടെ വാങ്ങി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.