Friday, May 3, 2024
HealthkeralaNews

ഐഎഎസുകാര്‍ക്കും കുടുംബത്തിനും മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ വക

സംസ്ഥാനത്തു ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സ്വദേശത്തും വിദേശത്തുമുള്ള ചികിത്സാ ചെലവു പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിനായി പ്രത്യേക ചികിത്സാ ആനുകൂല്യങ്ങള്‍ അനുവദിച്ചു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്ന തീയതി വച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനു കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യവും നല്‍കിയിട്ടുണ്ട്. എംഎല്‍എമാര്‍ക്കും ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്ന രീതിയില്‍ തങ്ങള്‍ക്കും മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തിലാണു പദ്ധതി അംഗീകരിച്ചതെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. സ്വകാര്യ ആശുപത്രികളിലെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കണം. ആരോഗ്യ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വിദേശത്തു ചികിത്സയ്ക്കു പോയാല്‍ അതിന്റെ ചെലവും വഹിക്കും.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റ് നിര്‍ത്തലാക്കി അവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചിരിക്കെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പ്രത്യേക ചികിത്സാ പദ്ധതി. ചികിത്സയ്ക്കും മരുന്നിനും മാത്രമല്ല സിറിഞ്ച്, സൂചി, മുറിവു തുടയ്ക്കുന്ന പഞ്ഞി, വൈറ്റമിന്‍ ഗുളികകള്‍ തുടങ്ങി എല്ലാ സാധനങ്ങളുടെയും വില അവര്‍ക്കു സര്‍ക്കാര്‍ തിരികെ നല്‍കും. ഐഎഎസ് ഉദ്യോഗസ്ഥര്‍, ജീവിത പങ്കാളി, മക്കള്‍, ദത്തെടുത്ത കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവരുടെ ചികിത്സാ ചെലവു പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റ് ആണ് ഇതുവരെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ബാധകമായിരുന്നത്. നിശ്ചിത മരുന്നുകള്‍ക്കും ചികിത്സയ്ക്കും മാത്രമേ റീഇംപേഴ്‌സ്‌മെന്റ് ലഭിച്ചിരുന്നുള്ളൂ. സ്‌കാനിങ്ങിനും മറ്റും നല്‍കിയിരുന്ന തുകയ്ക്കു പരിധി ഉണ്ടായിരുന്നു.