Sunday, May 5, 2024
keralaNews

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ അയ്യപ്പഭക്തരും പൊലീസും തമ്മില്‍ വാക്കേറ്റം.

ശബരിമല ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭക്തരും പൊലീസും തമ്മില്‍ പുലര്‍ച്ചെ വാക്കേറ്റം.ശബരിമലയിലേക്ക് മണിക്കൂറുകള്‍ കാത്തുനിന്നിട്ടും അയ്യപ്പദര്‍ശനത്തിനായി പോകാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് വാക്കേറ്റം നടന്നത്. ഇന്നലെ രാവിലെ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ എത്തിയ നൂറുകണക്കിനു ഭക്തരെ ഏരുമേലിയിലും പമ്പയിലും തിരക്കാണെന്നു ചൂണ്ടിക്കാട്ടി ഏറ്റുമാനൂരില്‍നിന്നു പോകാന്‍ അനുവദിച്ചിരുന്നില്ല.ഭക്തര്‍ കൂട്ടത്തോടെ പോകുന്നത് ഒഴിവാക്കണമെന്ന് അറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് ഇന്നലെ മുഴുവന്‍ ഏറ്റുമാനൂര്‍ ക്ഷേത്രമൈതാനിയില്‍ പൊരിവെയിലില്‍ കുട്ടികളുമൊത്ത് കഴിഞ്ഞിരുന്ന ഭക്തര്‍ ഇന്നു പുലര്‍ച്ചെ ശബരിമലയിലേക്കു പോകാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുമായി വാക്കേറ്റമുണ്ടായത്. പമ്പയില്‍നിന്നു നിര്‍ദേശം ലഭിക്കുന്നതിന് അനുസരിച്ച് മാത്രം ഇടത്താവളങ്ങളില്‍നിന്ന് ഭക്തരെ യാത്രയ്ക്ക് അനുവദിക്കുന്നതാണ് പ്രശ്നത്തിനിടയാക്കിയത്. എല്ലാ ഇടത്താവളങ്ങളില്‍നിന്നും ഒരുമിച്ച് ഭക്തരെ വിട്ടാല്‍ എരുമേലിയിലും പമ്പയിലും തിരക്ക് അനിയന്ത്രിതമാകുമെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു.
ഭക്തരുടെ വാക്കുകള്‍

ഒന്‍പത് മണിക്ക് ഈ വണ്ടിയെല്ലാം ഒന്നിച്ചു വിട്ടാല്‍ അവിടെ തിരക്കാകുമോ ഇല്ലയോ. ഇപ്പോ വരുന്ന ഓരോ വണ്ടി പോയാല്‍ പ്രശ്‌നമുണ്ടാകുമോ. ഞങ്ങള്‍ ഇന്നലെ ഒന്‍പത് മണിക്ക് വന്നതാ. ഞങ്ങള്‍ മലയ്ക്ക് പോകുന്നില്ല. ഞങ്ങള്‍ക്ക് വീട്ടില്‍ പോണം. 4 മണിക്കൂര്‍ പിടിച്ചുകെട്ടിനിര്‍ത്തി, മണ്ടന്‍മാരല്ലെ ഈ ഓര്‍ഡര്‍ ഇടുന്നത്. ഒന്‍പത് മണി വരെ ഈ വാഹനം പിടിച്ചുകെട്ടിവച്ചിട്ട് ഒന്നിച്ച് തുറന്നു വിടുന്നു. ഒന്നും കേള്‍ക്കാനില്ല, ഞങ്ങള്‍ക്ക് വീട്ടില്‍ പോണം.”