Monday, April 29, 2024
keralaNews

ശബരിമല തീര്‍ത്ഥാടകര്‍ ദര്‍ശനം കിട്ടാതെ പന്തളത്ത് നിന്നും മടങ്ങുന്നു.

പത്തനംതിട്ട : ശബരിമലയില്‍ അനിയന്ത്രിത തിരക്കിന്റെ സാഹചര്യത്തില്‍ ദര്‍ശനം കിട്ടാതെ തീര്‍ത്ഥാടകര്‍ പന്തളത്ത് നിന്നും മടങ്ങുന്നു. മണിക്കൂറുകള്‍ കാത്തു നിന്നിട്ടും ദര്‍ശനം ലഭിക്കാതായതോടെയാണ് പന്തളത്തെ ക്ഷേത്രത്തില്‍ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീര്‍ത്ഥാടകര്‍ മാലയൂരി മടങ്ങുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ പന്തളത്ത് നിന്നും മടങ്ങിയത്. ദര്‍ശനം കിട്ടാതെ തിരികെ മടങ്ങുന്നവരില്‍ മലയാളികളുമുണ്ട്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും മല ചവിട്ടാനാകാതെയായതോടെയാണ് ഭക്തര്‍ മടങ്ങിപ്പോകുന്നത്. ഇന്നും തിരക്കിന് ഒട്ടും ശമനമില്ല. കെഎസ്ആര്‍ടിസി ബസുകള്‍ മണിക്കൂറുകള്‍ പിടിച്ചിടുന്ന സാഹചര്യത്തില്‍ പത്ത് മണിക്കൂറോളമാണ് പലര്‍ക്കും കാത്തിരിക്കേണ്ടി വരുന്നത്. പമ്പയില്‍ നിന്നും പത്ത് മിനിറ്റില്‍ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ കടത്തി വിടുന്നത്. പല വാഹനങ്ങളും മണിക്കൂറുകളോളം കാനന പാതയില്‍ പിടിച്ചിട്ടിരിക്കുകയാണ്.പ്ലാപള്ളി ഇലവുങ്കല്‍ പാതയില്‍ ഉള്‍പ്പെടെ വനമേഖലയില്‍ കുടുങ്ങിപ്പോകുന്ന തീര്‍ത്ഥാടകര്‍ക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ല. തിരക്കും നിയന്ത്രണവും തുടരുന്നതിനിടെ ഇന്ന് 89,981 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്.