Friday, May 3, 2024
keralaNewspolitics

പരിശോധനയില്ലാതെ മെമ്പര്‍ഷിപ്പ് നല്‍കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നത്: എംവി ഗോവിന്ദന്‍

വടക്കഞ്ചേരി : കാണുന്നവര്‍ക്കെല്ലാം മതിയായ പരിശോധനയില്ലാതെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുന്നതിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി മെമ്പര്‍മാര്‍ പൊലീസ് കേസുകളില്‍ പെടുന്നത് സ്ഥിരമായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇംഎംഎസ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന സദസ്സില്‍ വെച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ സ്വയം വിമര്‍ശനം. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഇരട്ട നരബലിക്കേസിനെയും പ്രതിയായ ഭവഗവല്‍ സിങ്ങിനെയും പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. ഭവഗവല്‍ സിങ്ങിന്റെ പാര്‍ട്ടി ബന്ധം സിപിഎമ്മിന് വലിയ തലവേദനയായ സാഹചര്യത്തില്‍ കൂടിയാണ് ഈ സ്വയം വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്.

മാര്‍കിസ്റ്റ് ആവണമെങ്കില്‍ സാമാന്യ പ്രത്യയശാസ്ത്ര ബോധവും വൈരുധ്യാത്മക ഭൗതിക വാദത്തെ കുറിച്ചുള്ള ബോധവും വേണമെന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ പക്ഷം. ചരിത്രം, പാര്‍ട്ടി പരിപാടി എന്നിവയെക്കുറിച്ചും സാമാന്യ ബോധം വേണം. ഇത്തരം പ്രാഥമിക ധാരണയോടെ സംഘടാ പ്രവൃത്തിയിലേര്‍പ്പെടുമ്പോഴാണ് ഒരാള്‍ മാര്‍ക്‌സിസ്റ്റ് ആകാന്‍ തുടങ്ങുകയെനനും എംവി ഗോവിന്ദന്‍ വിശദീകരിക്കുന്നു. സിപിഎം പ്രത്യയശാസ്ത്രത്തിന്റെ ഒരംശം പോലും ചിലര്‍ ജീവിതത്തില്‍ പകര്‍ത്തുന്നില്ല. ശുദ്ധ അംബന്ധത്തിലേക്കും തെറ്റായ നിലപാടിലേക്കും ഇവര്‍ വഴുതി മാറുന്നു. എന്നിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറാണെന്ന പേരുദോഷം നമ്മള്‍ കേള്‍ക്കാനിടയാകുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.നരബലിക്കേസിലെ പ്രതി ഭഗവല്‍ സിംഗ് സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നുവെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആര്‍ പ്രദീപ് വ്യക്തമാക്കിയിരുന്നു