Tuesday, April 30, 2024
Local NewsNews

എരുമേലി ശബരിമല വിമാനത്താവളം; പെഗ് മാര്‍ക്ക് നിര്‍ണ്ണയിക്കല്‍ ഉടന്‍ ആരംഭിക്കും

എരുമേലി : നിര്‍ദ്ദിഷ്ട എരുമേലി ശബരിമല ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള പെഗ് മാര്‍ക്ക് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയും, വീടും , തൊഴിലും നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടുന്ന മാന്യമായ പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 2013ലെ ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വികസന പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് പുതിയ നിയമത്തില്‍ നഷ്ട പരിഹാരം മാന്യമായി നല്‍കാനും – വേണമെങ്കില്‍ തുടര്‍ന്ന് കോടതിയില്‍ പോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായും – എരുമേലി , മണിമല വില്ലേജുകളില്‍പ്പെട്ട തോട്ടത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയുമാണ് ഏറ്റെടുക്കുന്നത് . 11 – 1 പ്രകാരം ഭൂമി ഏറ്റെടുത്തതിന് ശേഷം 9-1 പ്രകാരം നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2024 ഓടെ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദ്ദിഷ്ട പദ്ധതിയുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിന് പുറമേയുള്ള മുഴുവന്‍ റോഡുകളും ഉന്നത നിലവാരത്തില്‍ സഞ്ചാരയോഗ്യമാക്കാന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതിയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന ലൂയ് ബര്‍ഗ് കമ്പനിയുടെ മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കിയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. പദ്ധതിയുടെ അതിര്‍ത്തി നിര്‍ണയിച്ച് മാര്‍ക്ക് ചെയ്യുന്നതോടെ വിമാനത്താവളത്തിനാവശ്യമായ ഏറ്റെടുക്കുന്ന ഭൂമിയെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നും എംഎല്‍എ പറഞ്ഞു.