Thursday, May 16, 2024
indiaNews

14കാരിയുടെ ഗര്‍ഭഛിദ്രം: മുന്‍ ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു

ന്യുഡല്‍ഹി പീഡനത്തിനിരയായി 14-കാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കിയ മുന്‍ ഉത്തരവ് പിന്‍വലിച്ച് സുപ്രീം കോടതി. അതിജീവിതയുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്നും കുട്ടിയെ വളര്‍ത്താന്‍ തയാറാണെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതി മുന്‍ ഉത്തരവ് പിന്‍വലിച്ചത്. രക്ഷിതാക്കളുമായി വീഡിയോ കോണ്‍ഫറസിംഗില്‍ സംസാരിച്ച ശേഷം കുട്ടിയുടെ താത്പ്പര്യം പരമ പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഏപ്രില്‍ 22നാണ് 14 കാരിയുടെ 30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.ഗര്‍ഭം അലസിപ്പിക്കണമെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ അപേക്ഷ ഏപ്രില്‍ നാലിന് ബൊംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇത് റദ്ദാക്കിയാണ് സുപ്രീം കോടതി നിര്‍ണായക വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം സുപ്രീംകോടതി ഉപയോഗിച്ചിരുന്നു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (എംടിപി) നിയമം അനുസരിച്ച് സാധാരണ 24 ആഴ്ച വരെ പ്രായമായ ഗര്‍ഭമാണ് അലസിപ്പിക്കാനാവുക. സിയോണ്‍ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം തേടിയ ശേഷമാണ് അന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഈ ഘട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാകുമ്പോള്‍ ചില അപകടസാദ്ധ്യതകളുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.