Thursday, May 16, 2024
Local NewsNews

എരുമേലിയെ കാത്തിരിക്കുന്നത് നിരവധി വികസന പദ്ധതികള്‍ ; എം എല്‍ എ

എരുമേലി : ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയെ കാത്തിരിക്കുന്നത് കോടികളുടെ നിരവധി വികസന പദ്ധതികളാണെന്ന് പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. നിര്‍ദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവളത്തിന് പുറമേ ശബരി റെയില്‍വേക്ക് 3575 കോടിയുടെ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു . ഇതോടൊപ്പം ചെങ്ങന്നൂര്‍ – പമ്പ പാതക്കും പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ക്കടക്കം നാട്ടുകാര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ എരുമേലി കൊരട്ടി പില്‍ഗ്രിം അമിനിറ്റി സെന്റര്‍ ഒരു കോടി രൂപ ചിലവഴിച്ച് നവീകരിച്ചു കഴിഞ്ഞു. കൂടാതെ ഇവിടെ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കി വരുകയാണ് . പേരുര്‍ത്തോട് – തുമരംപാറ – റോഡ് ടാറിംഗിനായി ഒരു കോടി 36 ലക്ഷം രൂപയുടെ ടെന്റര്‍ നടപടികള്‍ പൂര്‍ത്തിയായി. ഈ നവംബറില്‍ തന്നെ പണി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വാട്ടര്‍ അതോറിറ്റി മരാമത്തിന് ഫണ്ട് നല്‍കിയതായും അദ്ദേഹം പറഞ്ഞു. ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി 40% കുടിവെള്ള വിതരണ പൈപ്പുകള്‍ നല്‍കിക്കഴിഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് 10 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിക്കാണ് തുടക്കം കുറിച്ചത്. ഇതിനായി ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കരട് പദ്ധതി തയ്യാറാക്കിയെങ്കിലും അന്തിമമാക്കിയിട്ടില്ലെന്നും എം എല്‍ എ പറഞ്ഞു .എരുമേലി വില്ലേജ് ഓഫീസ് നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും നിയമപ്രശ്‌നത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കുറുവാമൂഴി – കരിമ്പിന്‍തോട് ബൈപാസ് പണി പൂര്‍ത്തീകരിച്ചു. 183 എ കരിങ്കല്ലുംമൂഴി – പ്ലാച്ചേരി റോഡ് വരുന്നു. എരുമേലി ഗ്രാമ പഞ്ചായത്ത് സ്ഥലം നല്‍കുന്ന മുറക്ക് ഫയര്‍ സ്റ്റേഷന്‍ അടക്കം നിരവധി പദ്ധതികളാണ് എരുമേലിക്കായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.