Monday, April 29, 2024
Local NewsNewsObituary

എരുമേലിയില്‍ ബസിന്റെ ലെഗേജ് ബോക്‌സിന്റെ ഡോര്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

എരുമേലി: എരുമേലിയില്‍ പ്രഭാത സവാരിക്കിടെ ബസ് ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. എരുമേലി കൊരട്ടി സ്വദേശി താന്നിയ്ക്കല്‍ ദിവാകരന്‍ – അശ്വതി ദമ്പതികളുടെ മകന്‍ മജീഷ് റ്റി ഡി (42) ആണ് മരിച്ചത്. അവിവാഹിതനാണ്. ഇന്ന് വെളുപ്പിനെ 5.45 ഓടെ എരുമേലി – കാഞ്ഞിരപ്പള്ളി റോഡില്‍ കൊരട്ടി വായനശാലയ്ക്ക് സമീപമായിരുന്നു അപകടം.

പതിവായി നടത്തുന്ന സവാരിക്കിടെ തമിഴ്‌നാട് സേലം സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന്റെ പുറക് ഭാഗത്ത് വശത്തുള്ള ലെഗേജ് ബോക്‌സിന്റെ ഡോര്‍ ഇടിച്ച് മജീഷ് തെറിച്ച് വീഴുകയായിരുന്നുവെന്ന് എരുമേലി പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് റോഡില്‍ കിടന്ന മജീഷിനെ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരായ എം വി ഐ ജയപ്രകാശ് , ബി വരുണ്‍ എ എം വി ഐ, സേഫ്‌സോണ്‍ ഡ്രൈവര്‍ ഫൈസല്‍, രാജേഷ് വി കുന്നില്‍, നന്ദു എന്നിവര്‍ ചേര്‍ന്ന് മജീഷിനെ കാഞ്ഞിരപ്പള്ളി മേരിക്വീന്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തിന് ശേഷം സിസി റ്റിവി പരിശോധിച്ച് ബസ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസിന്റെ ലെഗേജ് ബോക്‌സിന്റെ ഡോര്‍ ഇടിച്ചുണ്ടായ അപകടമെന്നും കണ്ടില്ലെന്നാണ് ബസിന്റെ ഡ്രൈവര്‍ പറഞ്ഞതായും പോലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടത്തി.