Tuesday, May 14, 2024
indiaNewspolitics

മല്യ, നീരവ്, ചോക്‌സി എന്നിവരുടെ 9371 കോടി സ്വത്ത് കണ്ടുകെട്ടി

സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മൂന്നു പേരുടെയുമായി ആകെ 9371 കോടി രൂപയാണ് ഇഡി കണ്ടുകെട്ടി പൊതുമേഖലാ ബാങ്കുകളിലേക്കു മാറ്റിയത്. മൂന്നു വ്യവസായികളുടെയും 18,170.02 കോടിയുടെ സ്വത്താണു കണ്ടുകെട്ടിയതെന്ന് ഇഡി ട്വീറ്റ് ചെയ്തു. ഇതില്‍ 969 കോടിയുടെ സ്വത്ത് വിദേശ രാജ്യങ്ങളിലാണ്.ഇന്ത്യ വിട്ടു വിദേശങ്ങളില്‍ കഴിയുന്ന മൂന്നു പേരെയും തിരികെ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഇവര്‍ മുങ്ങിയതോടെ പൊതുമേഖലാ ബാങ്കുകള്‍ക്കു ആകെ 22,585 കോടിയുടെ നഷ്ടമാണുണ്ടായത്. കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കുകളുടെ നഷ്ടത്തിന്റെ 80.45 ശതമാനത്തിനു തുല്യമാണ്.യുകെയിലാണു മല്യയും നീരവ് മോദിയുമുള്ളത്. മെഹുല്‍ ചോക്‌സി ഡൊമിനിക്കയിലും. മുതലും പലിശയുമായി ഇന്ത്യയിലെ 7 പൊതുമേഖലാ ബാങ്കുകള്‍ക്കും ഒരു സ്വകാര്യ ബാങ്കിനുമായി 12,500 കോടി രൂപയാണു മല്യ നല്‍കാനുള്ളത്. മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലാണ്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു വ്യാജരേഖകള്‍ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്തു മുങ്ങിയ നീരവ് 2019 മാര്‍ച്ചിലാണു ലണ്ടനില്‍ അറസ്റ്റിലായത്.