Tuesday, April 30, 2024
keralaNewspolitics

എകെജി സെന്റര്‍ ആക്രമണക്കേസില്‍ കസ്റ്റഡിയിലെടുത്തയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അന്തിയൂര്‍ക്കോണം സ്വദേശി റിജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്.      ഇതോടെ എകെജി സെന്റര്‍ ആക്രമണ കേസ് അന്വേഷണം വീണ്ടും വഴിമുട്ടി. എകെജി സെന്ററിന് കല്ലെറിയുമെന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ശേഷമായിരുന്നു റിജുവിനെ പോലീസ് പിടികൂടിയിരുന്നത്. ഇന്നലെ വരെ എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയെന്ന രീതിയില്‍ പോലീസ് പ്രചരിപ്പിച്ചയാളാണ് റിജു. ആക്രമണ കേസിനെ റിജുവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നും പോലീസിന് ലഭിച്ചിരുന്നില്ല. എന്നിരുന്നാലും കലാപാഹ്വാനമുള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് റിജുവിനെതിരെ കേസെടുത്തത്. ശനിയാഴ്ച പോലീസ് കസ്റ്റഡിയിലായ റിജുവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാല്‍ എകെജി സെന്റര്‍ ആക്രമിക്കുമെന്ന എഫ്ബി പോസ്റ്റിന്റെ മാത്രം പശ്ചാത്തലത്തിലായിരുന്നു റിജുവിനെ കസ്റ്റഡിയില്‍ വെച്ചതെന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി.         തുടര്‍ന്ന് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയത് ഉള്‍പ്പെടെ ഒഴിവാക്കുകയിം റിജുവിന് സ്റ്റേഷന്‍ ജാമ്യം നല്‍കുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ഏകവ്യക്തി റിജു കൂടി പുറത്തിറങ്ങുന്നതോടെ കേസ് അന്വേഷണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.