Tuesday, April 16, 2024
keralaNews

കേരളത്തെ സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കുന്ന ലഹരിയുടെ ആസൂത്രിതവുമായ വ്യാപനത്തിനെതിരെ ജാഗ്രത വേണമെന്ന് ആര്‍ എസ് എസ്

കോഴിക്കോട് : കേരളത്തെ സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കുന്ന ലഹരിയുടെ വ്യാപകവും ആസൂത്രിതവുമായ വ്യാപനത്തിനെതിരെ ജാഗ്രത വേണമെന്ന് ആര്‍ എസ് എസ് പ്രാന്ത കാര്യകാരി മണ്ഡല്‍ പ്രമേയം. വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളും വിദ്യാസമ്പന്നരായ യുവതി യുവാക്കളും ഈ വിപത്തിന്റെ ഇരകളാവുകയാണ്. സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും സാംസ്‌ക്കാരിക ജീവിതത്തെ ശിഥിലമാക്കുകയും ചെയ്യുന്നതിന് ലഹരിക്കടത്ത് ആയുധമാക്കുന്ന ശക്തികള്‍ കേരളത്തില്‍ സജീവമാണ്. വന്‍ ചൂതാട്ട സംഘങ്ങളും അന്താരാഷ്ട്ര ബന്ധമുള്ള മാഫിയ, ഭീകരവാദ ഗ്രൂപ്പുകളും ഇതിനു പിന്നിലുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.                                                                                                                           വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജോലി നേടുക മാത്രമാണെന്ന വികലധാരണയും സ്വാതന്ത്ര്യമെന്നത് ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള അവസ്ഥയാണെന്ന ചിന്തയും ഈ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ശക്തമായി വേരോടിയിട്ടുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സായി ലഹരി വ്യാപാരത്തെ മാറ്റുന്നു. ഭീകര ശക്തികള്‍ക്ക് പങ്കുള്ള ലഹരിക്കടത്തിനെ രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി ഭരണകൂടം നടപടികള്‍ എടുക്കാതിരിക്കുന്നുവോ എന്ന സംശയവും ഉയരുന്നുണ്ട്.                                       അന്താരാഷ്ട്ര വിപണിയിലേക്ക് ലഹരി കടത്താനുള്ള സുരക്ഷിത കൈമാറ്റ കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. തീര- മലയോര മേഖലയും വിമാനത്താവളങ്ങളും ലഹരിക്കടത്തിന്റെ ഇടനാഴികളാണ്. ഇവിടെ വരുന്ന വന്‍തോതിലുള്ള ലഹരിവസ്തുക്കള്‍ മാലിദ്വീപ്, ശ്രീലങ്ക വഴി അന്താരാഷ്ട്ര വിപണിയിലേക്ക് കടത്തുന്നു.                                                                മെട്രോ നഗരമായ കൊച്ചി മയക്കുമരുന്നിന്റെ ഹബ് ആയി മാറിയിരിക്കുന്നു. 2021 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നാലിലൊന്നും എറണാകുളത്തു മാത്രമാണ്. മറ്റു ജില്ലകളും പിന്നോട്ടല്ല. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ലഹരി മാഫിയയുടെ പിടിയിലമരുന്നു. ലഹരിക്ക് അടിമകളാകുന്ന കുട്ടികളെ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരകളാക്കുന്നു. ഇവരില്‍ മിക്കപേരും പിന്നീട് ലഹരിക്കടത്തിന്റെ കണ്ണികളായി മാറുകയും ചെയ്യുന്നു.                                                                                                                      കേരളത്തെ ഈ ലഹരിവിപത്തില്‍നിന്ന് മോചിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത വഴിപിഴച്ച പേരന്റിംഗ് രീതി തിരുത്തണം. കുട്ടികളെ നേര്‍വഴിക്കു നടത്തേണ്ടുന്നതിന്റെ കാര്യത്തില്‍ രക്ഷാകര്‍തൃസമൂഹവും അദ്ധ്യാപകരും ജാഗ്രത പുലര്‍ത്തണം. പിറന്നാള്‍, വിവാഹം തുടങ്ങിയ കുടുംബ ആഘോഷങ്ങളില്‍ ലഹരിയുടെ ഉപയോഗം കടന്നുവരുന്നത് തടയണം. സിനിമകളിലൂടെയും സാഹിത്യത്തിലൂടെയും തന്റേടത്തിന്റെ അടയാളമായി ലഹരി ഉപയോഗിക്കുന്നതിനെ അവതരിപ്പിക്കുന്ന പ്രവണതകളുടെ അര്‍ത്ഥശൂന്യത പുതിയ തലമുറയെ ബോദ്ധ്യപ്പെടുത്തണം. അരാജകവാദത്തെ പുരോഗമനത്തിന്റെ മുദ്രാവാക്യമാക്കി മാറ്റുന്ന ഒരുവിഭാഗം സാംസ്‌ക്കാരിക നായകരുടെയും അദ്ധ്യാപകരുടെയും അര്‍ബന്‍ നക്‌സലുകളുടെയും കാപട്യത്തെ തുറന്നു കാണിക്കേണ്ടതുണ്ട്.                                                                                                                          നവോത്ഥാന നായകര്‍ സൃഷ്ടിച്ച ലഹരിമുക്ത കേരളത്തെ വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ എല്ലാ സജ്ജനങ്ങളും സാമുദായിക മത-സാംസ്‌ക്കാരിക സംഘടനകളും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും യുവജന സംഘടനകളും ഭാഗഭാക്കാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ലഹരിമുക്ത കേരളത്തെ സൃഷ്ടിച്ച്, രാജ്യത്തിന്റെ അഭിമാന കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള ഉത്തരവാദിത്തം എല്ലാ ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കും ഉണ്ടെന്ന കാര്യം എല്ലാ ഭരണാധികാരികളെയും കാര്യകാരി മണ്ഡല്‍ ഓര്‍മ്മിപ്പിക്കുന്നു. ജാതി- മത- രാഷ്ട്രീയഭേദമെന്യേ മുഴുവന്‍ തലമുറകളെയും ബാധിക്കുന്ന അത്യാപത്ത് എന്നനിലയില്‍ ഇതിനെ തടയേണ്ടതും ലഹരി മുക്ത കേരളത്തെ സൃഷ്ടിക്കേണ്ടതും സ്വസ്ഥമായ സാമൂഹിക ജീവിതത്തിന് അനിവാര്യമാണെന്ന് മുഴുവന്‍ ജനങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു. അത്തരമൊരന്തരീക്ഷം സൃഷ്ടിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും ഭരണരംഗത്തും സാമൂഹികരംഗത്തും വിദ്യാഭ്യാസരംഗത്തും ആവശ്യമാണെന്ന് കാര്യകാരി മണ്ഡല്‍ ചൂണ്ടിക്കാണിക്കുന്നു.                                                    മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധപതിപ്പിക്കാനും പങ്കാളികളാകാനും സംഘ പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണ്. പുതിയ തലമുറയില്‍ ധാര്‍മ്മിക ബോധത്തിന്റെയും സംസ്‌ക്കാരത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും മൂല്യങ്ങള്‍ പകരാനുള്ള ഉത്തരവാദിത്തം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംസ്ഥാന കാര്യകാരി മണ്ഡല്‍ ആഹ്വാനം ചെയ്യുന്നു.

കോഴിക്കോട് ചിന്മയ വിദ്യാലയയില്‍ രണ്ടു ദിവസമായി ചേര്‍ന്ന കാര്യകാരി മണ്ഡല്‍ യോഗത്തില്‍ ആര്‍ എസ് എസ് സഹ സര്‍കാര്യ വാഹ് സി.ആര്‍. മുകുന്ദ , അഖില ഭാരതീയ സഹ ശാരീരിക് പ്രമുഖ് ജഗദീഷ് പ്രസാദ്, ക്ഷേത്ര പ്രചാരക് സെന്തില്‍ കുമാര്‍ , സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍ , പ്രാന്ത സംഘചാലക് അഡ്വ.കെ.കെ ബാലറാം, കാര്യവാഹ് പി എന്‍. ഈശ്വരന്‍ എന്നിവര്‍ സംസാരിച്ചു.