Tuesday, April 16, 2024
indiaNewsworld

എബോളയ്ക്ക് സമാനമായ രോഗം ഗിനിയയില്‍ കണ്ടെത്തി

എബോളയ്ക്ക് സമാനമായ രോഗം ഇക്വറ്റോറിയല്‍ ഗിനിയയില്‍ കണ്ടെത്തി. മാര്‍ബര്‍ഗ് വൈറസ് ബാധയാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഒന്‍പത് പേര്‍ മരിച്ച പശ്ചാത്തലത്തില്‍ പ്രദേശത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുമായുള്ള ആശയവിനിമയത്തിന് ശേഷം ആവശ്യമെങ്കില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി മിതോഹ ഒന്‍ഡോ അയേകബ പറഞ്ഞു.മനുഷ്യന്റെ ആന്തരികാവയവങ്ങളെ മാരകമായി ബാധിക്കുന്ന വൈറസാണ് മാര്‍ബര്‍ഗ്. പഴംതീനി വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. കഠിനമായ പനി,തലവേദന, ദേഹാസ്വസ്ഥ്യം തുടങ്ങിയ ലക്ഷണങ്ങളാണ് തുടക്കത്തില്‍ പ്രകടമാക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ഏഴുദിവസത്തിനുള്ളിലാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

തീവ്ര വ്യാപന ശേഷിയുള്ള രോഗമാണ് മാര്‍ബര്‍ഗ് വൈറസ്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞതിനാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നും വ്യാപന തോത് കുറയ്ക്കാന്‍ സാധിച്ചെന്നും ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ ഡയറക്ടര്‍ ഡോ മാറ്റ്ഷിഡിസോ മൊയ്തി പറഞ്ഞു. കൃത്യസമയത്ത് ഉചിതമായ രീതിയില്‍ നടപടി സ്വീകരിച്ച ഗിനിയന്‍ സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു.പ്രദേശത്ത് രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 500-ഓളം ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. പ്രവിശ്യകളിലെ വീടുകള്‍ സന്ദര്‍ശിച്ച് രോഗം ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ആരോഗ്യ സംഘം. കൂടാതെ ആവശ്യമായ പ്രതിരോധ മരുന്നുകളും സംഘം നിര്‍ദ്ദേശിക്കുന്നുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.