Saturday, May 4, 2024
keralaNewspolitics

എംപിമാര്‍ രാജിവച്ച് മത്സരരംഗത്തിറങ്ങുന്നതിനോടു യോജിപ്പില്ലെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.

കേരളത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ രാജിവച്ച് മത്സരരംഗത്തിറങ്ങുന്നതിനോടു യോജിപ്പില്ലെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസിന്റെ ഒരു എം പിമാരും മത്സരിക്കേണ്ടെ്ന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. കുഞ്ഞാലിക്കുട്ടിയുടെ രാജി അനുചിതമാകും എന്ന് കോണ്‍ഗ്രസ് ഹൈക്കമന്‍ഡ് മുസ്ലിം ലീഗിനെ അറിയിച്ചേക്കും. ലീഗിന് ഗുണമാകുമെങ്കിലും കോണ്‍ഗ്രസിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന നീക്കമായി കുഞ്ഞാലിക്കുട്ടിയുടെ രാജി മാറും എന്ന് നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ച സാഹചര്യത്തിലാണ് തിരുമാനം.

സിറ്റിംഗ് സീറ്റ് ഉപേക്ഷിച്ച് നിയമസഭാ പോരാട്ടത്തിന് കുഞ്ഞാലിക്കുട്ടി ഇറങ്ങാന്‍ തീരുമാനിച്ച കാര്യം കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തിന് ഇപ്പോഴും ഔദ്യോഗികമായി അറിയില്ല. എന്നാല്‍, കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗം ഇക്കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ലീഗിന്റെ തീരുമാനം അവര്‍ക്ക് നേട്ടമാകുമ്പോള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി ഉണ്ടാക്കും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. പ്രശ്നത്തിന്റെ ഗൗരവം ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടെങ്കിലും ധൃതിപിടിച്ചുള്ള ഒരു ഇടപെടല്‍ വേണ്ട എന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തിരുമാനം. പകരം ലീഗ് കുഞ്ഞാലിക്കുട്ടിയുടെ രാജി ഔദ്യോഗികമായി അറിയിക്കുമ്പോള്‍ ഇക്കാര്യത്തിലെ അനൗചിത്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് പ്രതികൂലമാകുന്ന രാഷ്ട്രീയ തിരുമാനത്തില്‍ നിന്ന് പിന്തിരിയണം എന്ന് തന്നെ ആവശ്യപ്പെമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.