Thursday, April 25, 2024
keralaNews

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.

ലഹരി മരുന്നിടപാടുമായി ബന്ധമുണ്ടെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.ലഹരിമരുന്നുമായി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, കന്നഡ സീരിയല്‍ നടി ഡി. അനിഖ, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍ എന്നിവരാണ് കേസിലെ ആദ്യ 3 പ്രതികള്‍.

എന്‍സിബി നേരത്തെ അറസ്റ്റ് ചെയ്ത സുഹാസ് കൃഷ്ണ ഗൗഡയെ സാക്ഷിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞു. അനൂപ് മുഹമ്മദ് വാടകയ്ക്ക് എടുത്തിരുന്ന കല്യാണ്‍ നഗറിലെ റോയല്‍ സ്വീറ്റ്‌സ് അപ്പാര്‍ട്‌മെന്റില്‍ ബിനീഷ് സ്ഥിരമായി എത്തിയിരുന്നതായും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും സുഹാസ് മൊഴി നല്‍കിയിരുന്നു.ബിനീഷിന്റെ അക്കൗണ്ടില്‍ കണ്ടെത്തിയ കണക്കില്‍പ്പെടാത്ത പണം ലഹരി ഇടപാടിലൂടെ സമ്പാദിച്ചതാണെന്നും ബെനാമിയായ അനൂപ് മുഹമ്മദുമായി കള്ളപ്പണ ഇടപാടു നടത്തിയതിനു തെളിവുണ്ടെന്നുമാണ് ഇഡിയുടെ വാദം. ബാങ്ക് അക്കൗണ്ടുകളിലെ പണവും ആദായനികുതി റിട്ടേണും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയ ഇഡി 2012-19 വരെയുള്ള 5.17 കോടി രൂപയുടെ വരുമാനത്തില്‍ 3.95 കോടി രൂപ കണക്കില്ലാത്തതാണെന്നും ആരോപിച്ചു.ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് നിലവില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്. ജുഡീഷ്യല്‍ കസ്റ്റഡി ജനുവരി 6ന് അവസാനിക്കും. ജാമ്യാപേക്ഷ തള്ളിയതു ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് കുറ്റപത്രം നല്‍കിയത്. അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം ലഭിക്കുന്നതു തടയാന്‍ കൂടിയാണിത്.