Monday, April 29, 2024
keralaNewsObituary

ഉളിക്കലില്‍  ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റിട്ടാണെന്ന് വനം വകുപ്പ്     

കണ്ണൂര്‍ :  ഉളിക്കല്‍ ടൗണില്‍ ഇന്നലെ ഇറങ്ങിയ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. ള്ളിക്കല്‍ ബസ് സ്റ്റാന്‍ഡിന് സമീപം ആര്‍ത്രശേരി ജോസ് (63) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റിട്ടാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. മൃതദേഹത്തില്‍ ആനയുടെ ചവിട്ടേറ്റതിന്റെ അടയാളങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇന്നലെ രാവിലെ ഏഴൂരിലുള്ള വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ജോസ്. കഴുത്തിനും കാലിനും മുറിവുകളുണ്ട്. ആന ഓടിയ സമയത്താണ് ഇദ്ദേഹത്തെ കാണാതായതെന്നാണു വിവരം. ജോസ് നടന്നുവരുന്നതിന്റെയും ആനയുണ്ട് മാറിനില്‍ക്കാന്‍ പറയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേസമയം ആനയെ തുരത്തിയത് ആളുകള്‍ ഒഴിഞ്ഞുപോയതിനു ശേഷമാണെന്നും ജോസ് എങ്ങനെ ആനയുടെ മുന്നില്‍പ്പെട്ടെന്ന് അറിയില്ലെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചയോടെയാണ് കര്‍ണാടക വനമേഖലയില്‍നിന്നുള്ള കാട്ടാന ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയത്. ടൗണും പരിസരവും അഞ്ചു മണിക്കൂറോളം കാട്ടാന ഭീതിയിലാഴ്ത്തി. കര്‍ണാടക വനത്തില്‍നിന്ന് കേരളത്തിലെ 3 ടൗണുകള്‍ കടന്ന്, 14.5 കിലോമീറ്ററോളം ജനവാസ കേന്ദ്രത്തിലൂടെ സഞ്ചരിച്ചാണ് ഒറ്റയാന്‍ ഉളിക്കലില്‍ എത്തിയത്. ആനയെക്കണ്ട് ഭയന്നോടിയ മൂന്നുപേര്‍ക്കു പരുക്കേറ്റിരുന്നു. കാട്ടാന ടൗണില്‍ തമ്പടിച്ചതോടെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിട്ടു. പരിസരത്തെ സ്‌കൂളുകള്‍ക്കും അവധി നല്‍കി. കൂടുതല്‍ ആളുകള്‍ എത്താതിരിക്കാന്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ റോഡുകള്‍ അടച്ച് ഗതാഗതം നിയന്ത്രിച്ചു.രാവിലെ പതിനൊന്നോടെ പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമിച്ചെങ്കിലും ബസ് സ്റ്റാന്‍ഡ് കടന്ന് വയത്തൂരിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ കശുമാവിന്‍ തോട്ടത്തിലേക്കു കയറി. ഇവിടെനിന്ന് ഓടിക്കാന്‍ മഴ തടസ്സമായി. കാട്ടാന വനാതിര്‍ത്തിയിലേക്ക് മടങ്ങുമെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു.