Friday, May 3, 2024
Local NewsNews

കാഞ്ഞിരപ്പള്ളിയില്‍ അമോണിയ ചേര്‍ന്ന റബര്‍ പാല്‍ കയറ്റിയ ലോറി തോട്ടിലേക്കു മറിഞ്ഞു 

കാഞ്ഞിരപ്പള്ളി:   മഞ്ചക്കുഴി തമ്പലക്കാട് റോഡില്‍ പൊതുകത്ത് റബര്‍പാല്‍ കയറ്റിവന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ക്കു പരുക്കേറ്റു.  ഇന്നലെ രാത്രി 10.15 ഓടെയാണ് അപകടം. തമ്പലക്കാട് ആര്‍കെ റണ്ടേഴ്‌സില്‍നിന്ന് അമോണിയ ചേര്‍ന്ന റബര്‍പാല്‍ കയറ്റിവന്ന ലോറിയാണു മറിഞ്ഞത്. തോട്ടില്‍നിന്ന് മലിനജനം ഒഴുകി സമീപത്തെ കിണറുകളും മീനച്ചില്‍ തോടും മലിനമായി. പുഴയിലെ മീനുകള്‍ മുഴുവന്‍ ചത്തു.ഇന്ന് ഒരു ദിവസത്തേക്ക് ഈ തോടിന്റെ പരിസരത്ത് ഉള്ള കിണറുകളില്‍നിന്നും ആരും വെള്ളം പമ്പ് ചെയ്യാന്‍ പാടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കിണറ്റിലെ വെള്ളത്തിനു നിറം മാറ്റമോ ഗന്ധമോ അനുഭവപ്പെട്ടെങ്കില്‍ കിണര്‍ ശുദ്ധിയാക്കുകയും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കുകയും ചെയ്യണം. കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്തെത്തി സുരക്ഷ നടപടികള്‍ സ്വീകരിച്ചു.