Monday, April 29, 2024
keralaNewsUncategorized

വിഴിഞ്ഞത്തേയ്ക്ക് ഗ്രീന്‍ ഫീല്‍ഡ് റെയില്‍വേ കോറിഡോര്‍ വേണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം അന്തര്‍ദേശിയ ആഴക്കടല്‍ തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തികരണത്തോട് അടുക്കുമ്പോള്‍ തിരക്ക് കുറയ്ക്കാന്‍ നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായുള്ള ഗ്രീന്‍ ഫീല്‍ഡ് റെയില്‍വേ കോറിഡോര്‍ രൂപപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാന തലസ്ഥാനത്തേയും വിഴിഞ്ഞം തുറമുഖത്തേയും ബന്ധിപ്പിച്ച് കേരളത്തിന്റെ പകുതി പ്രദേശത്തു കൂടിയുള്ള രണ്ടാമത്തെ റെയില്‍വേ കോറിഡോറായി നിര്‍മ്മാണമാരംഭിച്ച അങ്കമാലി- ശബരി റെയില്‍പാതയെ ബാലരാമപുരത്തേയ്ക്ക് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റെയില്‍വേ വകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ടൂറിസം വകുപ്പ് മന്ത്രി, തിരുവനന്തപുരം എം പി, ആറ്റിങ്ങല്‍ എം പി എന്നിവര്‍ക്ക് ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറഷന്‍ നിവേദനം നല്‍കി.

പ്ലൈവുഡ്, പൈനാപ്പിള്‍ കയറ്റുമതിയ്ക്ക് സൗകര്യം

പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായ മേഖലയെയും ഇന്ത്യയുടെ പൈനാപ്പിള്‍ സിറ്റിയായ വാഴക്കുളത്തെയും തൊടുപുഴയിലെ കിന്‍ഫ്രാ സ്പൈസെസ് പാര്‍ക്കിനെയും കോതമംഗലം- നെല്ലിക്കുഴിയിലെ ഫര്‍ണീച്ചര്‍ ക്ലസ്റ്ററിനെയും മുവാറ്റുപുഴ-നെല്ലാടിലെ കിന്‍ഫ്രാ ഫുഡ് പാര്‍ക്കിനെയും പുതിയ റെയില്‍വേ കോറിഡോര്‍ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നത് വ്യവസായ കേന്ദ്രങ്ങളുടെയും തുറമുഖത്തിന്റെയും വികസനത്തിന് സഹായകരമാകും. മേഖലയില്‍ നിന്ന് ദിനംപ്രതി 850 ട്രക്ക് ഉത്പന്നങ്ങള്‍ ദേശിയ- അന്തര്‍ദേശിയ മാര്‍ക്കറ്റുകളിലേയ്ക്ക് കയറ്റുമതി ചെയ്യപ്പെടുന്നതായി വ്യവസായ- വാണിജ്യ സംഘടനകളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

സ്പൈസസ് റബ്ബര്‍ വ്യാപാരം

കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങളായ ഏലം, കുരുമുളക്, റബര്‍, ഗ്രാമ്പൂ, തുടങ്ങിയവ ദേശിയ-അന്തര്‍ദേശിയ വിപണികളില്‍ എത്തിക്കാന്‍ തുറമുഖവും സമാന്തര റെയില്‍വേ കോറിഡോറും സഹായകരമാകുമെന്ന് ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ സംസ്ഥാനതല ഫെഡറഷന്‍ ഭാരവാഹികളായ ഡിജോ കാപ്പന്‍, ബാബു പോള്‍ എക്‌സ് എം എല്‍ എ, ജിജോ പനച്ചിനാനി, അനിയന്‍ എരുമേലി, അജി ബി. റാന്നി, ദിപു രവി എന്നിവര്‍ പറഞ്ഞു.

ടൂറിസം മേഖലയുടെ വികസനം

കേരളത്തിന്റെ കിഴക്കന്‍ മേഖലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാര്‍, ഭൂതത്താന്‍കെട്ട്, തട്ടേക്കാട്, മലങ്കര ടൂറിസം ഹബ്, ഇടുക്കി ഡാം, കുളമാവ്, രാമക്കല്‍മേട്, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, വാഗമണ്‍, കുട്ടിക്കാനം, പഞ്ചാലിമേട്, തേക്കടി, ഗവി, അടവി, തെന്മല, പൊന്മുടി, നെയ്യാര്‍ ഡാം എന്നിവിടങ്ങളിലേയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി ചേരാനുള്ള സൗകര്യം വര്‍ദ്ധിക്കുന്നതും ക്രൂയിസ് ഷിപ്പില്‍ തുറമുഖത്തു കൂടി വരുന്ന വിദേശ സഞ്ചാരികള്‍ക്ക് കൂടി പ്രയോജനകരമാകുമെന്നതുമാണ് ഗ്രീന്‍ ഫീല്‍ഡ് റെയില്‍വേ കോറിഡോറിന്റെ പ്രത്യേകത.

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളുടെ കിഴക്കന്‍ മേഖലയുടെ വികസനം വേഗത്തിലാകും

എരുമേലിയില്‍ നിന്ന് തിരുവനന്തപുരത്തിന് ശബരി റെയില്‍ പാത നീട്ടുന്നതിന് റെയില്‍വേ സര്‍വ്വേ നടത്തിയിട്ടുണ്ട്. അങ്കമാലി- ശബരി റെയില്‍വേയുടെ രണ്ടാം ഘട്ടമായി എരുമേലിയില്‍ നിന്ന് റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കിളിമാനൂര്‍, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട നഗരങ്ങളെ ബന്ധിപ്പിച്ച് ബാലരാമപുരത്തേയ്ക്ക് സമാന്തര റെയില്‍വേയായി നിര്‍മ്മിക്കുമ്പോള്‍ ശബരി റെയില്‍വേ പദ്ധതി വഴി കേരളത്തിന് പുതിയതായി 25 റെയില്‍വേ സ്റ്റേഷനുകള്‍ കൂടി ലഭിക്കും. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തേയ്ക്ക് സംസ്ഥാന തലസ്ഥാനത്തു നിന്നും റെയില്‍വേ യാത്ര സൗകര്യം ലഭിക്കുന്നതാണ് വിഴിഞ്ഞം ഗ്രീന്‍ ഫീല്‍ഡ് റെയില്‍വേ പദ്ധതിയുടെ മറ്റൊരു നേട്ടം.

തെക്കന്‍ തമിഴ്‌നാട്ടിലെ ശബരിമല തീര്‍ത്ഥദകര്‍ക്ക് പ്രയോജനകരം

ഗ്രീന്‍ ഫീല്‍ഡ് റെയില്‍വേ കൊല്ലം- ചെങ്കോട്ട റെയില്‍പാതയുമായി പുനലൂരില്‍ ചേരുന്നതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള റെയില്‍വേ സൗകര്യങ്ങളും വര്‍ദ്ധിക്കും.

100 കോടി അനുവദിച്ചിട്ടുണ്ട്

8 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കും ഒരു കിലോമീറ്റര്‍ നീളമുള്ള പെരിയാര്‍ റെയില്‍വേ പാലവും കാലടി റെയില്‍വേ സ്റ്റേഷനും നിര്‍മ്മിച്ചു കഴിഞ്ഞ അങ്കമാലി- ശബരി റെയില്‍വേയ്ക്കായി നടപ്പ് സാമ്പത്തീക വര്‍ഷം 100 കോടി രൂപ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ശബരി റെയില്‍വേയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വേ ബോര്‍ഡിന്റെ പരിശോധനയ്ക്കായി ദക്ഷിണ റെയില്‍വേ സമര്‍പ്പിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് അങ്കമാലി-ശബരി റെയില്‍വേയെ വിഴിഞ്ഞം തുറമുഖത്തേയ്ക്കും തലസ്ഥാനത്തേയ്ക്കുമുള്ള രണ്ടാമത്തെ റെയില്‍വേ കോറിഡോറായി വികസിപ്പിക്കുന്നത് കേരളത്തിന്റെ വ്യവസായിക- ടൂറിസം മേഖലകളുടെയും വിഴിഞ്ഞം തുറമുഖത്തിന്റെയും വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് സഹായകരമായിരിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.