Monday, April 29, 2024
indiaNewspoliticsUncategorized

ആര്‍എസ്എസ് സര്‍സംഘ ചാലകിനെ രാഷ്ട്രപിതാവെന്ന് വിളിച്ച മുസ്ലിം പുരോഹിതന് ഭീഷണി

ദില്ലി: ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ ഭീഷണി.കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര്‍ അഹമ്മദ് ഇല്ല്യാസിക്ക് ഇതേ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം വൈ പ്ലസ് സുരക്ഷ അനുവദിച്ചു. ഒന്നിലധികം ഭീഷണികള്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസിക്ക് ലഭിച്ചതോടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. മോഹന്‍ ഭാഗവത് സെപ്റ്റംബര്‍ 22ന് ഉമര്‍ അഹമ്മദ് ഇല്യാസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയം അനുവദിച്ച വൈ പ്ലസ് കാറ്റഗറി സുരക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്ന് ഉമര്‍ അഹമ്മദ് ഇല്ല്യാസി എഎന്‍ഐയോട് പറഞ്ഞു. ഇംഗ്ലണ്ട്, ദുബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ഫോണിലൂടെ തനിക്ക് ഭീഷണിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് തിലക് ലെയ്ന്‍ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്യുകയും ആഭ്യന്തര മന്ത്രാലയത്തിന് ഈ വിവരം കൈമാറുകയും ചെയ്തിരുന്നു.         മോഹന്‍ ഭഗവതുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞത് മുതല്‍ തുടര്‍ച്ചയായി ഭീഷണി കോളുകള്‍ വരുന്നുണ്ട്. സെപ്തംബര്‍ 23ന് ഇംഗ്ലണ്ടില്‍ നിന്ന് ഒരു ഭീഷണി കോള്‍ ലഭിച്ചു. നിങ്ങള്‍ നരകത്തിലെ അഗ്‌നിയില്‍ എരിയുമെന്ന് പറഞ്ഞു. മോഹന്‍ ഭഗവതിനെ പള്ളിയിലേക്ക് വിളിച്ചതിനും അദ്ദേഹത്തെ രാഷ്ട്രപിതാവ് എന്ന് വിളിച്ചതിനും ഭീഷണികള്‍ വന്നു കൊണ്ടിരിക്കുകയാണ്. ചില മതമൗലികവാദികള്‍ക്ക് രാജ്യത്ത് സമാധാനമോ സ്‌നേഹമോ സമാധാനമോ ഇഷ്ടമല്ല. അവര്‍ തന്നെയാണ് ഭീഷണിക്ക് പിന്നിലെന്നും ഉമര്‍ അഹമ്മദ് ഇല്ല്യാസി പറഞ്ഞു. ഈ ഭീഷണികള്‍ക്ക് മുന്നില്‍ ഒരിക്കലും കീഴടങ്ങില്ലെന്നും പ്രസ്താവന പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്റെ ക്ഷണം സ്വീകരിച്ച് മോഹന്‍ ഭഗവത് ജി ഇന്ന് എത്തിയിരുന്നു. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്ര ഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനം വളരെ നല്ല സന്ദേശമാണ് പകരുക. ഞങ്ങള്‍ ദൈവത്തെ ആരാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ്, പക്ഷേ, ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഞങ്ങള്‍ കരുതുന്നു’ – ആര്‍എസ്എസ് സര്‍സംഘ ചാലക് മായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമര്‍ അഹമ്മദ് ഇല്ല്യാസിയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി കോളുകള്‍ വന്നു തുടങ്ങിയതെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്.