Sunday, May 5, 2024
HealthkeralaNews

ആഫ്രിക്കന്‍ പന്നിപ്പനി: രോഗം ബാധിച്ച് കണ്ണൂരില്‍ 14 പന്നികള്‍ ചത്തു

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന കൊളക്കാട് പ്രദേശത്തെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്. ഇതുവരെ ഫാമിലെ 14 പന്നികള്‍ രോഗം ബാധിച്ച് ചത്തു. സ്ഥിതി വിലയിരുത്താന്‍ ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും

സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ആഫ്രിക്കന്‍ പന്നിപ്പനി കേസ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു.

മാനന്തവാടിയിലെ ഫാമിലായിരുന്നു ആദ്യമായി കണ്ടെത്തിയത്. പന്നികള്‍ കൂട്ടത്തോടെ ചാവാന്‍ തുടങ്ങിയപ്പോള്‍ ഭോപ്പാലിലെ ലാബിലേക്ക് സാമ്പിളുകള്‍ അയച്ച് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് കേരളത്തിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഫാം ഉടമയുടെ സമ്മതത്തോടെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി മറവ് ചെയ്തു. ആഫ്രിക്കന്‍ പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പന്നിയിറച്ചിയുടെ കടത്ത് നിരോധിച്ചിട്ടുണ്ട്.