Monday, April 29, 2024
keralaNews

ആത്മഹത്യ ചെയ്ത സിന്ധുവിന്റെ ഡയറി പൊലീസ് കണ്ടെടുത്തു

വയനാട്: ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ സിന്ധുവിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെടുത്തു.ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിയില്‍ സൂചനകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചില സഹപ്രവര്‍ത്തകരുടെ പേരുകള്‍ ഡയറിയിലുണ്ട്. ഓഫീസില്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഈ കാര്യങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സിന്ധുവിന്റെ മുറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വിശദമായി പരിശോധിക്കും.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഓഫീസിലെ അന്തരീക്ഷത്തെ പറ്റി സിന്ധു പരാതി വയനാട് ആര്‍ടിഒ മോഹന്‍ദാസിനെ കണ്ട് പരാതി നല്‍കിയിരുന്നു. സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസം മുന്‍പാണ് വയനാട് ആര്‍ടിഒ മോഹന്‍ദാസിനെ നേരില്‍ കണ്ടത്. ഓഫീസില്‍ ഗ്രൂപ്പിസമുണ്ട്, ഓഫീസില്‍ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവര്‍ ആര്‍ടിഒയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ആര്‍ടിഒ വിശദീകരിച്ചത്. ഇന്നലെ രാവിലെയാണ് എള്ളുമന്ദത്തെ വീട്ടില്‍ മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കായിരുന്നു സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.