Tuesday, April 30, 2024
keralaNewsObituary

ചരക്കു ലോറി സ്‌കൂട്ടറില്‍ ഇടിച്ച് റോഡിലേക്കു തെറിച്ചുവീണു: പിന്നിലെ  ലോറി ശരീരത്തില്‍ കയറിയിറങ്ങി ഇരട്ടസഹോദരങ്ങള്‍ മരിച്ചു.

കഞ്ചിക്കോട് :ദേശീയപാത ചടയന്‍കാലായില്‍ ചരക്കു ലോറി സ്‌കൂട്ടറില്‍ ഇടിച്ച് റോഡിലേക്കു തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി ഇരുവരും തല്‍ക്ഷണം മരിച്ചു. എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണില്‍ വീട്ടില്‍ ജോണിന്റെ മക്കളായ ദീപക് മാത്യു ജോണ്‍ (35), ദീപു ജോണ്‍ ജോണ്‍ (35) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കഞ്ചിക്കോട് ഐടിഐക്കു മുന്നിലായിരുന്നു അപകടം.ഇരുവരും സോളര്‍ പ്ലാന്റ് സ്ഥാപിക്കുന്ന എന്‍ജിനീയര്‍മാരാണ്. ജോലി ആവശ്യത്തിനു കോയമ്പത്തൂരിലെത്തിയ ഇവര്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നെന്നാണു പൊലീസ് നല്‍കുന്ന വിവരം. സ്‌കൂട്ടര്‍ ദേശീയപാതയിലെ ഫാസ്റ്റ് ട്രാക്കിലേക്കു കയറുന്നതിനിടെ ലോറി ഇടിച്ച് ഇരുവരും റോഡിലേക്കു തെറിച്ചു പിന്നാലെയെത്തിയ മറ്റൊരു ലോറിക്കടിയില്‍ പെടുകയായിരുന്നെന്നു കസബ പൊലീസ് അറിയിച്ചു.

തിരുച്ചിറപ്പള്ളിയിലെ അരിയല്ലൂരില്‍ നിന്നു കൊച്ചിയിലേക്കു സിമന്റ് മിശ്രിതവുമായി പോയ ലോറിയാണ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. അതേസമയം, ആദ്യം സ്‌കൂട്ടറില്‍ ഇടിച്ച ലോറി കണ്ടെത്താനായിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. അപകടത്തെത്തുടര്‍ന്നു ദേശീയപാതയില്‍ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ദീപക് മാത്യുവിന്റെ ഭാര്യ ജിന്‍സി. മകന്‍: ആരോണ്‍.ഹൈവേ പൊലീസും ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ.മധുവിന്റെ നേതൃത്വത്തിലുള്ള കഞ്ചിക്കോട് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.