Friday, April 26, 2024
keralaNewsObituary

അട്ടപ്പാടി മധു കേസ് : പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് അട്ടപ്പാടി മധുവിന്റെ കുടുംബം

പാലക്കാട് :അട്ടപ്പാടി മധു കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. നിലവിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രന് വിചാരണ നടത്തുന്നതിന് പരിചയക്കുറവുണ്ട്. സാക്ഷികളെ കൂറുമാറ്റുന്നതിന് പ്രതിഭാഗം അഭിഭാഷകര്‍ക്ക് സാധിച്ചു.

തുടര്‍ന്നും സി രാജേന്ദ്രന്‍ കേസ് വാദിച്ചാല്‍ തങ്ങള്‍ പരാജയപ്പെടുമെന്നും പ്രതികള്‍ രക്ഷപ്പെടുമെന്ന് ഭയക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു.

പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ സാക്ഷി വിസ്താരം നിര്‍ത്തിവെക്കണം എന്നും ഇതില്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രോസിക്യൂട്ടറെ മാറ്റേണ്ടത് കോടതിയല്ലെന്നും അത്തരമൊരു അഭിപ്രായമുണ്ടെങ്കില്‍ സര്‍ക്കാരിനെ സമീപിക്കണം എന്നും കോടതി നിര്‍ദ്ദേശം നല്‍കി.

പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി പിന്നീട് പറഞ്ഞു.മധു കൊലക്കേസുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ വര്‍ദ്ധിക്കുകയാണ് .

കഴിഞ്ഞ ദിവസങ്ങളിലാണ് പത്താംസാക്ഷി ഉണ്ണിക്കൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും മൊഴി മാറ്റി പറഞ്ഞത്. ഇതിന് പിന്നാലെയാണ് കുടുംബം ഹര്‍ജിയുമായി എത്തിയത്.

അട്ടപ്പാടി മധു കേസ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും കുടുംബം മുമ്പ് ആരോപിച്ചിരുന്നു. നാളിതുവരെ പ്രോസിക്യൂട്ടര്‍മാര്‍ക്ക് അലവന്‍സുകളോ സൗകര്യങ്ങളോ നല്‍കാത്തത് കേസിനെ സാരമായി ബാധിക്കുന്നുണ്ടെന്നും മധുവിന്റെ അമ്മയും സഹോദരിയും വ്യക്തമാക്കിയിരുന്നു.

കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമം നടത്തുന്നുണ്ട്. പണം നല്‍കി കേസ് ഒതുക്കിതീര്‍ക്കാനും ശ്രമം നടക്കുന്നു. മധുവിന് നീതി ലഭിച്ചില്ലെങ്കില്‍ സമരവുമായി തെരുവില്‍ ഇറങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം .