Monday, April 29, 2024
keralaNews

ചാലക്കുടി പുഴയിലെ അതിശക്തമായ ഒഴുക്ക് ഗൗരവമായി കാണുന്നുവെന്ന് റവന്യൂ മന്ത്രി

തൃശൂര്‍: ചാലക്കുടി പുഴയിലെ അതിശക്തമായ ഒഴുക്ക് ഗൗരവമായി കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍. തീരത്തുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍നിന്നും വലിയ അളവില്‍ വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും അടിയന്തര നിര്‍ദേശം.ഒരു മണിക്കൂര്‍ മുന്‍പ് പറമ്പിക്കുളത്തുള്ള സ്പില്‍ 16100 ക്യൂസെക്സ് ആണ്. 17480 ക്യൂസെക്സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്കെത്തുന്നത്. പുറത്തുള്ള മഴമൂലമാണ് ഈ അളവ് കൂടിയത്. പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

ഒഴുക്ക് കൂടിയ സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരത്തുള്ള മുഴുവന്‍ പേരേയും ഒഴിപ്പിക്കും. ഒഴുക്ക് കൂടുന്നതിനനുസരിച്ച് മാറാം എന്ന കരുതരുത്. ആളുകള്‍ ക്യാമ്പുകളിലേക്ക് മാറണം. ഫ്ളഡ് ടൂറിസം ഒരുതരത്തിലും അനുവദിക്കില്ല. പുഴയുടെ ഭാഗത്ത് ഇപ്പോഴും ആളുകള്‍ കാഴ്ച കാണാന്‍ നില്‍ക്കുകയാണ്. പുഴയിലൂടെ ഒഴുകിവരുന്ന സാധനങ്ങള്‍ പിടിക്കുക, വെള്ളം കാണാന്‍ പോവുക, പുഴയിലിറങ്ങുക, നീന്തിക്കടക്കുക, പാലങ്ങളില്‍ നില്‍ക്കുക, മീന്‍പിടിക്കുക, കുളിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യരുത്. മഴ മുന്നറിയിപ്പ് എപ്പോള്‍ വേണമെങ്കിലും മാറാവുന്നതാണ്. തീരത്തുള്ളവരും ലയങ്ങളില്‍ താമസിക്കുന്നവരേയും ദുരന്തസാധ്യത കണക്കിലെടുത്ത് മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. മാറാന്‍ ജനങ്ങള്‍ വിസമ്മതിച്ചാല്‍ പോലീസിന്റേയും റവന്യൂ അധികൃതരുടേയും ഇടപെട്ട് മാറ്റും. ചാലക്കുടിയില്‍ വളരെ അടിയന്തരമായി മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ കൊണ്ടുവരാനുള്ള സജ്ജീകരണം നടത്തുന്നുണ്ട്.