കോട്ടയം ജില്ലയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന സ്വാതന്ത്ര്യ സമരസേനാനിയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചതിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും താമ്രപത്രം ലഭിച്ചിട്ടുള്ള കോരുത്തോട് സ്വദേശി രവീന്ദ്രന്‍ വൈദ്യര്‍ക്കും, സഹധര്‍മ്മിണി സരോജിനിയമ്മയ്ക്കും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വസതിയിലെത്തി ഓണപ്പുടവ നല്‍കി.
സ്വാതന്ത്ര്യ സമരത്തെയും മുന്‍തലമുറയുടെ ത്യാഗത്തെയും ബഹുമാനിക്കുന്നതിനും പുതുതലമുറയ്ക്ക് അത് സംബന്ധമായ സന്ദേശം പകര്‍ന്നു നല്‍കുന്നതിനുമാണ് സ്വാതന്ത്ര്യ സമരസേനാനിയെ ആദരിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ചടങ്ങില്‍ കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രാജന്‍, പൊതുപ്രവര്‍ത്തകരായ സണ്ണി വെട്ടുകല്ലേല്‍, ജോയി പുരയിടം തുടങ്ങിയവര്‍ പങ്കെടുത്തു.
