സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. ഇന്നു പവന് 320 രൂപ കുറഞ്ഞു 38560 രൂപയായി. ഗ്രാമിന് 4820 രൂപയാണ് വില. കഴിഞ്ഞ നാലുദിവസമായി പവന് 38,880 രൂപയില്‍ തുടര്‍ന്ന വിലയാണ് ഇന്നു വീണ്ടും കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെ സ്വര്‍ണവില. ഒരു ഘട്ടത്തില്‍ പവന് 42000 രൂപയായിരുന്ന സ്വര്‍ണവിലയില്‍ രണ്ടാഴ്ച കൊണ്ട് 3,440 രൂപയുടെ കുറവാണ് ഉണ്ടായത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1933.37 ഡോളറായി കുറഞ്ഞു. ഒരുഘട്ടത്തില്‍ ഔണ്‍സിന് 2000 ഡോളറിന് മുകളില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. യുഎസ് ഫെഡ് റിസര്‍വിന്റെ തീരുമാനങ്ങളും വന്‍തോതിലുള്ള ലാഭമെടുപ്പും സ്വര്‍ണവിലയെ സാരമായി ബാധിച്ചു. റഷ്യയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ മാറ്റ് കുറയാന്‍ കാരണമായിരുന്നു. ഇത് പ്രാദേശിക വിപണികളില്‍ പ്രതിഫലിച്ചു. കൂടാതെ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ അമേരിക്ക പ്രഖ്യാപിച്ച ഉത്തേജക പാക്കേജും സ്വര്‍ണവില ഇടിയാന്‍ കാരണമായി. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുകയും ഡോളര്‍ ശക്തിപ്രാപിക്കുകയും ചെയ്തു.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെയാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ഒരുഘട്ടത്തില്‍ രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയ ഡോളര്‍ വീണ്ടും തിരിച്ചുവന്നു. ഡോളറിന്റെ മൂല്യം വരുംദിവസങ്ങളില്‍ ഇനിയും കൂടുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇങ്ങനെ വന്നാല്‍ സ്വര്‍ണവില വീണ്ടും ഇടിയും.