സ്വപ്‌ന സുരേഷ് ഭവന നിര്‍മ്മാണ പദ്ധതികളില്‍ ഇടനിലക്കാരിയായി കമ്മീഷന്‍ നേടിയെടുത്തു.

സംസ്ഥാനത്ത് നടത്തിയ ഭവന നിര്‍മ്മാണ പദ്ധതികളില്‍ ഇടനിലക്കാരിയായി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കോടികള്‍ കമ്മീഷന്‍ നേടിയതായി കണ്ടെത്തല്‍. യു.എ.ഇ സര്‍ക്കാരുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ സംസ്ഥാനത്ത് നടത്തിയായ ഭവന നിര്‍മ്മാണ പദ്ധതികളില്‍ ഇടനിലക്കാരിയായി നിന്ന് കമ്മീഷന്‍ നേടിയെടുത്തത്. പല തവണയായി 1,85,000 ഡോളറാണ് (ഒരു കോടി 39 ലക്ഷം) കമ്മിഷനായി സ്വപ്നയ്ക്ക് ലഭിച്ചതെന്ന് കസ്റ്റംസ് പ്രിവന്റീവ് സംഘം കണ്ടെത്തി. ഈ തുക അക്കൗണ്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ തുക എവിടെയെന്ന ചോദ്യത്തിന് സ്വപ്ന മറുപടി നല്‍കിയില്ല. തലസ്ഥാനത്തെ ബാങ്ക് ലോക്കറില്‍ നിന്ന് എന്‍.ഐ.എ പിടിച്ചെടുത്ത ഒരു കോടി രൂപ കമ്മിഷനായി ലഭിച്ചതല്ലെന്ന് സ്വപ്ന നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, മറ്റ് ചില ഇടപാടുകളിലും യു.എ.ഇയില്‍ നിന്ന് പണമെത്തിയതായി സ്വപ്ന സമ്മതിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളിലെ ഭവനനിര്‍മ്മാണ പദ്ധതികളുടെ നടത്തിപ്പ് ചുമതലക്കാരിയായിരുന്നു സ്വപ്ന. സഹായിയായി സരിത്തും. ഒരു വീട് പൂര്‍ത്തിയാകുമ്പോള്‍ അതിന് ആനുപാതികമായാണ് കമ്മീഷന്‍. കമ്മിഷനില്‍ ഒരു വിഹിതം യു.എ.ഇ കോണ്‍സുലേറ്റ് ജനറിലും അറ്റാഷെയ്ക്കും കൈമാറിയെന്നും സ്വപ്ന മൊഴി നല്‍കി. കോടിക്കണക്കിന് രൂപ കണക്കില്‍പ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഴി ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ സഹായം തേടിയത്.
സ്വപ്നയുടെ ദുരൂഹ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് കസ്റ്റംസ് കത്ത് നല്‍കി. ഹവാല- കള്ളപ്പണ ഇടപാടുകളെക്കുറിച്ചും എന്‍ഫോഴ്‌സ്മെന്റ് അന്വേഷണം തുടങ്ങി. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെയും വിളിച്ചുവരുത്തി സ്വപ്നയുടെ അക്കൗണ്ടിലെത്തിയ പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടും. സ്വപ്ന പണം എന്തിന് ഉപയോഗിച്ചുവെന്നും കണ്ടെത്തണം. ബിനാമി ഇടപാടുകളും പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.