വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഒരേസമയം ആശുപത്രിയില്‍ ചികിത്സ നല്‍കിയ സംഭവത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി. വിയ്യൂര്‍ ജയില്‍ മെഡിക്കല്‍ ഓഫീസറോടാണ് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുമായി സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. അതിനിടെ, സ്വപ്ന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഒരു നഴ്‌സിന്റെ ഫോണില്‍ നിന്ന് ഉന്നതരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന ആരോപണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതായും സൂചനയുണ്ട്.ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് സ്വപ്ന സുരേഷിനും വയറുവേദനയ്ക്ക് കെ ടി റമീസിനും ആശുപത്രിയില്‍ ഒരേസമയം ചികിത്സ നല്‍കിയത് വിവാദമായിരുന്നു. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലും വനിതാ ജയിലിലുമായി കഴിഞ്ഞിരുന്ന ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്.
നേരത്തെ ആറു ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ച സ്വപ്ന ആശുപത്രി വിട്ടിരുന്നു. ചികിത്സയില്‍ തുടരാന്‍ മതിയായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സ്വപ്നയെ വിയ്യൂര്‍ വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് വീണ്ടും നെഞ്ചുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.