സരിത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ വേണ്ടിയാണു സ്വര്‍ണക്കടത്തിനു കൂട്ടുനിന്നതെന്നു സ്വപ്നയുടെ മൊഴി. നയതന്ത്ര പാഴ്‌സലില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസില്‍ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണു സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്വപ്നയുടെയും സന്ദീപിന്റെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ചൊവ്വാഴ്ച കസ്റ്റഡിയില്‍ ലഭിച്ച 10 പ്രതികളില്‍ ജലാല്‍ മുഹമ്മദ്, അംജദ് അലി, മുഹമ്മദ് അബ്ദു ഷമീം എന്നിവരെ ചോദ്യം ചെയ്യലിനു ശേഷം സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ജില്ലാ ജയിലിലേക്കയച്ചു. കസ്റ്റഡിയില്‍ ലഭിച്ച ബാക്കി പ്രതികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഇവരെ ഇന്ന് 5 വരെയാണു കസ്റ്റംസിന്റെ കസ്റ്റഡിയില്‍ നല്‍കിയത്. സന്ദീപും സ്വപ്നയുമൊഴികെയുള്ളവര്‍ നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളാണു കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്.