സംസ്ഥാനത്ത് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലും സ്‌കൂളുകള്‍ തുറക്കില്ല.

സ്‌കൂളുകള്‍ ഉടന്‍ തുറക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒക്ടോബര്‍ മാസത്തിലും സ്‌കൂള്‍ തുറക്കാന്‍ സാധിക്കുന്ന സ്ഥിതിവിശേഷമല്ല സംസ്ഥാനത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരും സ്‌കൂളുകള്‍ ഉടന്‍ തുറക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണെന്ന് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ 2021 ജനുവരിയില്‍ സാധാരണഗതിയില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഒരു വര്‍ഷത്തോളം സ്‌കൂള്‍ അന്തരീക്ഷത്തില്‍ നിന്ന് വിട്ടുനിന്ന് മടങ്ങിയെത്തുന്ന വിദ്യാര്‍ഥികളെ മികച്ച പശ്ചാത്തല സൗകര്യമൊരുക്കി വരവേല്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.