സംസ്ഥാനത്ത് ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കുന്നു. തുറക്കാനുള്ള ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നികുതി സെക്രട്ടറിക്ക് എക്‌സൈസ് കമ്മിഷണര്‍ കൈമാറിയ നിര്‍ദേശം എക്‌സൈസ് മന്ത്രിയുടെ ശുപാര്‍ശയോടെ മുഖ്യമന്ത്രിക്കു നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യത്തെക്കുറിച്ച് അനുകൂലമായ ചര്‍ച്ചയാണ് ഉണ്ടായത്. പഞ്ചാബ്, ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന പശ്ചാത്തലത്തില്‍ കേരളത്തിലും തുറക്കാമെന്നാണ് എക്‌സൈസ് കമ്മിഷണറുടെ ശുപാര്‍ശ.
ലൈസന്‍സ് ഫീസ് ഇനത്തില്‍ വന്‍ തുക നല്‍കുന്ന തങ്ങള്‍ക്ക് ഇതു വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതായി ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നതു പോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ടു സംഘടന നിവേദനം നല്‍കി. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തെക്കുറിച്ച് എക്‌സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയത്.