സംസ്ഥാനത്ത് ഇന്ന് 1417പേര്‍ക്ക് കൊവിഡ് 19

 

സംസ്ഥാനത്ത് ഇന്ന് 1417പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1426 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1242 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ ഉറവിടം അറിയാത്ത 105 പേരുണ്ട്. വിദേശത്ത് നിന്ന് വന്ന 62 പേരും മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്ന 72 പേരും 36 ആരോഗ്യപ്രവര്‍ത്തകരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. 24 മണിക്കൂറിനിടെ 21,625 പരിശോധനകളാണ് നടത്തിയത്.
സംസ്ഥാനത്ത് ഇന്ന് അഞ്ചു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യ )68), കണ്ണൂര്‍ കോളയാട് സ്വദേശി കുംബമാറാടി (75), തിരുവന്തപുരം വലിയതുറ സ്വദേശി മണിയന്‍ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരണമടഞ്ഞത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസര്‍കോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4 എന്നിങ്ങനെയാണ്.