വടകര: ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി മനോജിന്റെ ശിക്ഷായിളവുമായി ബന്ധപ്പെട്ട് കെകെ രമ എംഎല്‍എയുടെ മൊഴിയെടുത്ത എഎസ്ഐക്ക് സ്ഥലംമാറ്റം. കൊളുവല്ലൂര്‍ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെയാണ് സ്ഥലംമാറ്റിയത്. വയനാട്ടിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയിരിക്കുന്നത്. ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുളള നീക്കം വിവാദമായതിനെ തുടര്‍ന്നാണ് നടപടി.സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ശിക്ഷയില്‍ ഇളവ് നല്കാന് തീരുമാനിച്ചിരുന്നു.
ഇവരുടെ പട്ടികയിലേക്ക് ടിപി കേസ് പ്രതികളുടെ പേരും ഉള്‍പ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരന്റെ ഭാര്യ കൂടിയായ കെകെ രമ എംഎല്‍എയുടെ മൊഴിയെടുക്കാന്‍ പൊലീസ് വിളിച്ചതോടെയാണ് അതീവ രഹസ്യമായി നടത്തിയ നീക്കം പുറത്തറിയുന്നത്.ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്കാന് നീക്കമില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്ന് പ്രതികളുടെ ശിക്ഷാ ഇളവിനായി മൊഴിയെടുക്കാന്‍ പോലീസ് ബന്ധപ്പെട്ടതായി കെകെ രമ പറഞ്ഞതോടെ സര്‍ക്കാരിന്റെ ആ വാദവും പൊളിഞ്ഞു. നിയമസഭയിലും സര്‍ക്കാര്‍ പ്രതിരോധത്തിലായി.
തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപെടാന്‍ നീക്കം നടത്തിയെങ്കിലും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെകെ രമ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ട് കണ്ട് കത്ത് നല്‍കിയിരുന്നു. ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതികളെ കുറുക്ക് വഴിയിലൂടെ ശിക്ഷ ഇളവ് നല്‍കാനുള്ള നടപടി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.