ശബരിമല മണ്ഡലകാലത്ത് മല കയറാന്‍ എത്തുന്നവരില്‍ കൊവിഡ് പരിശോധന നടത്താന്‍ ആലോചന. നവംബര്‍ 15നാണ് ഇക്കൊല്ലത്തെ മണ്ഡലകാലം ആരംഭിക്കുന്നത്. നിലയ്ക്കലില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ഫലം ഉള്ളവര്‍ക്ക് മാത്രം ദര്‍ശനത്തിന് അനുമതി നല്‍കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. ഇതിനായി ആരോഗ്യവകുപ്പിന്റെ അഭിപ്രായം തേടും. മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ചയും നടക്കും.
പ്രായോഗിക തലത്തില്‍ പരിശോധന നടത്താന്‍ പറ്റുമോയെന്നാണ് പ്രധാനമായും ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നത്.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമാകും ഇത്തവണ ദര്‍ശനത്തിന് അനുമതിയെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അനുമതി ലഭിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നതിനെക്കുറിച്ചാണ് ആദ്യം ആലോചിച്ചത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ പരിശോധന നടത്തി മൂന്നും നാലും ദിവസം യാത്ര ചെയ്തു വേണം ശബരിമലയില്‍ എത്തുന്നത്. ഈ ദിവസത്തിനുള്ളില്‍ രോഗബാധയുണ്ടായോ എന്നറിയാന്‍ മാര്‍ഗമില്ല.
സന്നിധാനത്ത് 50 പേര്‍ മാത്രം ഒരു സമയത്ത് എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ ആലോചനയിലുള്ള കാര്യം. ഇക്കാര്യത്തില്‍ പൊലീസുമായി ചര്‍ച്ച ചെയ്തേ അന്തിമതീരുമാനമെടുക്കൂ. എത്ര പേര്‍ക്ക് ഓരോദിവസവും ആന്റിജന്‍ പരിശോധന നടത്താം എന്നതുള്‍പ്പെടെ ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ആലോചിക്കുക.സാമൂഹിക അകലം പാലിക്കേണ്ടി വരുമ്പോള്‍ ശബരിമലയിലെ നിലവിലുള്ള മിക്ക കാര്യങ്ങളിലും മാറ്റം വരും. ഫ്‌ലൈ ഓവറുകളില്‍ ഭക്തരുടെ ക്യൂ ഒഴിവാക്കും. പതിനെട്ടാം പടി ചവിട്ടുന്നതിനും നിബന്ധനകള്‍ വരും. ഭക്തരെ പിടിച്ചുകയറ്റാന്‍ നിര്‍ത്തുന്ന പൊലീസുകാരെ ഒഴിവാക്കും. പടികളിലും അകലം പാലിച്ചു വേണം ഭക്തരെ കയറ്റിവിടുക. സീസണ്‍ കാലത്ത് ഒരു ദിവസം ഒരു ലക്ഷത്തിലേറെ പേര്‍ ദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഒരു മണിക്കൂറില്‍ അയ്യായിരത്തോളം പേര്‍ പടിചവിട്ടുമെന്നുമാണു കണക്ക്. ഇതു വെര്‍ച്വല്‍ ക്യൂ വഴി നിയന്ത്രിക്കാമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.