ശബരിമലയില്‍ തുലാം മാസം മുതല്‍ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും

 

ശബരിമലയില്‍ തുലാം മാസം മുതല്‍ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ചിങ്ങമാസ പൂജ പൂര്‍ത്തിയാക്കി കഴിഞ്ഞ 22നായിരുന്നു ശബരിമല ക്ഷേത്രം അടയ്ച്ചത്. ഓണനാളുകളിലെ പൂജകള്‍ക്കായി 29ന് വൈകിട്ട് 5 ന് വീണ്ടും തുറക്കും.
30 ന് ഉത്രാടപൂജ, 31 ന് തിരുവോണ പൂജ, സെപ്തംബര്‍ 1ന് അവിട്ടം, 2 ന് ചതയം പൂജകള്‍. രാത്രി 7.30 ന് നട അടയ്ക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തരെ നിലവില്‍ പ്രവേശിപ്പിക്കുന്നില്ല.
ഇതിനകം എഴുപത് കോടിയിലേറെ രൂപയുടെ വരുമാനനഷ്ടം നേരിട്ട ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിമിതമായ തോതിലെങ്കിലും ഭക്തരെ പ്രവേശിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വൃശ്ചികം ഒന്നായ നവംബര്‍ പതിനാറിനാണ് മണ്ഡലകാലം തുടങ്ങുന്നത്.