വേഴമ്പത്തോട്ടം കുടിവെള്ള പദ്ധതി ; നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു.

മണിമല ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ വേഴമ്പത്തോട്ടം മേഖലയില്‍ രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന 25 ഓളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്നതിന് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭൂജലവകുപ്പ് മുഖേന 9.5 ലക്ഷം രൂപ അനുവദിച്ച് നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു.ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ലിതാ ഷാജി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്നമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഗുണഭോക്തൃ സമിതി ഭാരവാഹികളായ ഷിജി ഇലവനാമുക്കട, ജോസഫ് ആന്റണി, ഉലഹന്നാന്‍ തടത്തേല്‍, മാത്യു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ഇടപ്പാറ-പൊന്തന്‍പുഴ റോഡിനോടനുബന്ധിച്ച് പൊതുസ്ഥലത്ത് കുഴല്‍ക്കിണര്‍ കുത്തി പമ്പ് ഹൗസും സ്ഥാപിച്ച് കഴിഞ്ഞു. ഈ കുഴല്‍ കിണറ്റില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് കെ.വി വര്‍ഗീസ് കുന്നുംപുറത്ത് സൗജന്യമായി നല്‍കിയ സ്ഥലത്ത് നിര്‍മ്മിക്കുന്ന ഓവര്‍ ഹെഡ് ടാങ്കിലേയ്ക്ക് എത്തിച്ചാണ് ജല വിതരണം നടത്തുക.