വന്ദേ ഭാരത് എക്സ്പ്രസ് ; തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണം :എം പി

പത്തനംതിട്ട : കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ശബരിമല ഉൾക്കൊള്ളുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് പത്തനംതിട്ട എം.പി ആന്റോ ആന്റണി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണോയ്ക്ക് നിവേദനം നൽകിയതായും എംപി പറഞ്ഞു.കേരളത്തിന്റെ ജനസംഖ്യയെക്കാൾ കൂടുതൽ തീർത്ഥാടകർ എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമാണ് ശബരിമല. അതുപോലെ മാരാമൺ , ചെറുകോൽപ്പുഴ, മാടമൺ, കുമ്പനാട്, കുളത്തൂർമുഴി കൺവെൻഷനുകളും,പരുമല, മഞ്ഞനിക്കര തീർത്ഥാടനങ്ങൾ തുടങ്ങി അങ്ങനെ എല്ലാ മതങ്ങളുടെയും ലോകമെമ്പാടുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന ഇടമാണ് പത്തനംതിട്ട ജില്ല. മറ്റ് ജില്ലകളെ അപേക്ഷിച്ച് പരിഗണന ഇക്കാര്യത്തിൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ല റെയിൽവേ സ്റ്റേഷന് നൽകണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും നൽകിയ കത്തിൽ എംപി ആവശ്യപ്പെട്ടു.