ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിനായി ലൈഫ് മിഷന്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.ഇതു പ്രകാരം ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും ആഗസ്റ്റ് ഒന്നു മുതല്‍ പതിനാലുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സജ്ജീകരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകള്‍ വഴിയോ സ്വന്തമായോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുന്‍പ് റേഷന്‍ കാര്‍ഡ് ഉള്ളതും കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. നിബന്ധനകളും മാനദണ്ഡങ്ങളും മാര്‍ഗ്ഗരേഖയില്‍ വിശദമാക്കിയിട്ടുണ്ട്.